onam

മൂവാറ്റുപുഴ: കാണികൾക്ക് വേറിട്ട ദൃശ്യാനുഭവം നൽകി വി.ടി രതീഷിന്റെ ഏകപാത്ര നാടകം ഒറ്റാൾപേച്ച്. തൃക്കളത്തൂർ നവയുഗം ക്ലബിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ഒറ്റാൾ പേച്ച് അവതരിപ്പിച്ചത്. നടൻ കാണിയാവുകയും കാണികൾ നടന്മാരാവുകയും ചെയ്യുന്ന നാടക ഇടമായി മാറുകയായിരുന്നു ഒറ്റാൾ പേച്ച്. പാരമ്പര്യ നാടക സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണികളും നടനോടൊപ്പം നാടകത്തിന്റെ ഭാഗമായി. കാണികളുടെ ഒത്ത നടുക്ക് നടത്തുന്ന ഇത്തരം അവതരണങ്ങളെ 'സാൻഡ് വിച്ച് ' തീയറ്റർ എന്നാണ് വിളിക്കുന്നത്. പുതിയ തലമുറക്ക് ലളിതമായ നാടക സങ്കേതങ്ങൾ പരിചയപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് നാടക ആവിഷ്കാരം നിർവഹിച്ച ചലച്ചിത്ര അക്കാഡമി അംഗം എൻ. അരുൺ പറഞ്ഞു. തൃക്കളത്തൂർ സഹ. ബാങ്ക് പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് വി.ടി രതീഷിനെ ആദരിച്ചു.

മുൻ എം.എൽ.എ ബാബു പോൾ, സുശീല നീലകണ്ഠൻ, കെ.എസ്. ദിനേശ്, ബേസിൽ ജോൺ, ജിനേഷ് ഗംഗാധരൻ, വി.എൻ. പ്രമോദ്, സനു വേണുഗോപാൽ, സൗമ്യ ദിനേശ്, പ്രശാന്ത് തൃക്കളത്തൂർ തുടങ്ങിയവർ പങ്കെടുത്തു. റിയൽ വ്യൂ ക്രിയേഷന്റെ നേതൃത്വത്തിൽ നിരവധി ഏകപാത്ര നാടകങ്ങൾ പ്രേക്ഷകരിൽ എത്തിക്കുമെന്ന് എൻ. അരുൺ പറഞ്ഞു.