മൂവാറ്റുപുഴ: വർഷത്തിൽ കേവലം നാലു മാസം മാത്രം ആവശ്യമായിത്തീരാവുന്ന ചെങ്ങന്നൂർ -പമ്പ റെയിൽ പദ്ധതിയ്ക്ക് 7000 കോടി രൂപ മുടക്കാൻ അനുമതി നൽകിയിട്ടും 3800 കോടി രൂപ മാത്രം ചെലവ് വരുന്ന അങ്കമാലി- എരുമേലി റെയിൽവേ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുഭാവപൂർവമായി സമീപനം സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് റെയിൽവേ പദ്ധതി ആക്ഷൻ കൗൺസിൽ ആരോപിച്ചു. മലയോര കാർഷിക, ​ടൂറിസം,​ വ്യവസായിക മേഖലകൾക്ക് ഏറെ പ്രയോജനം ലഭിക്കുന്നതും ഭാവിയിൽ പുനലൂർ വഴി വിഴിഞ്ഞത്തേയ്ക്ക് ദീർഘിപ്പിക്കാവുന്നതും നിലവിൽ 7 കിലോമീറ്റർ നിർമ്മാണം പൂർത്തീകരിച്ചതുമാണ് അങ്കമാലി -എരുമേലി റെയിൽവേ പദ്ധതി. പദ്ധതിക്ക് ചെലവിന്റെ പകുതി പണം സംസ്ഥാനം വഹിക്കണമെന്ന് നിഷ്കർഷിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പാണ്. സംസ്ഥാനം ചെലവഴിക്കേണ്ട 50ശതമാനം തുക സംസ്ഥാനത്തിന്റെ വായ്പ പരിധിയിൽ നിന്ന് ഒഴിവാക്കി കിഫ്ബി പദ്ധതിയിൽ നിന്ന് ചെലവഴിക്കുവാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കാത്ത കേന്ദ്ര സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണ്. അങ്കമാലി--എരുമേലി പദ്ധതിയ്ക്കായിട്ടുള്ള പരിശ്രമം സംസ്ഥാന സർക്കാ‌ർ ശക്തമായി തുടരണമെന്ന് ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ കൺവീനറും മുൻ എം.എൽ.എയുമായ ബാബുപോൾ ആവശ്യപ്പെട്ടു.