h

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ കാഴ്ച്ചക്കുല സമർപ്പണം ഉത്രാട നാളായ ഇന്നലെ രാവിലെ 8ന് നടന്നു. കൊടിമരച്ചുവട്ടിൽ അരിമാവു കൊണ്ടണിഞ്ഞ നാക്കില വെച്ച് ആദ്യകാഴ്ച്ചക്കുല മേൽശാന്തി ടി.എസ് മനോജ്‌കുമർ എമ്പ്രാന്തിരി ദേവിയ്ക്ക് സമർപ്പിച്ചു. തുടർന്ന് ദേവസ്വം ബോർഡ് മെമ്പർ എം.ബി മുരളീധരൻ, ചോറ്റാനിക്കര അസി. കമ്മീഷണർ ബിജു. ആർ.പിള്ള, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്‌ണൻ, ക്ഷേത ഉപദേശകസമിതി സെക്രട്ടറി തമ്പി തിലകൻ, സമിതി അംഗങ്ങളും നിരവധി ഭക്തജനങ്ങളും കാഴ്ച്ചക്കുല സമർപ്പണം നടത്തി. തിരുവോണ ദിനമായ ഇന്ന് തൃപ്പൂത്തരി. തൃപ്പൂത്തരി നിവേദ്യത്തോടൊപ്പം പുത്തരി പായസം, കാളൻ, ഓലൻ, ഇഞ്ചിത്തൈര്, എരിശ്ശേരി, ചേനയും കായയും മെഴുക്കുപെരട്ടി, വറുത്തുപ്പേരി, ഉപ്പുമാങ്ങ എന്നിവയും ദേവിക്ക് ഉച്ചപൂജയ്ക്ക് നിവേദിക്കും. നെയ്യ്, കുരുമുളക്പൊടി എന്നിവ കൊണ്ടാണ് നിവേദ്യങ്ങൾ തയ്യാറാക്കുക. ക്ഷേത്രത്തിലെ ജീവനക്കാരും ഭക്തജനങ്ങളും ചേർന്ന് പടിഞ്ഞാറെ നടപ്പുരയിൽ പൂക്കളം തീർത്തു. തിരുവോണ ദിനത്തിൽ രാവിലെ 11ന് നട അടയ്ക്കും. തുടർന്ന് ഭക്തജനങ്ങൾക്ക് തിരുവോണ സദ്യ ഉണ്ടായിരിക്കും.