പലവട്ടം കത്ത് നൽകിയിട്ടും റോഡ് പി.ഡബ്ളിയു.ഡി ഏറ്റെടുക്കുന്നില്ലെന്ന് വാട്ടർ അതോറിട്ടി
വാട്ടർ അതോറിട്ടി പൈപ്പിടൽ ജോലികൾ പൂർത്തീകരിച്ച് തിരിച്ചേൽപ്പിച്ചിട്ടില്ലെന്ന് പി.ഡബ്ളിയു.ഡി
കോടതിയും ജനപ്രതിനിധികളും നാട്ടുകാരും ഇടപെട്ടിട്ടും കുലുങ്ങാതെ സർക്കാർ വകുപ്പുകൾ
ആലുവ: ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം മുതൽ ചാലക്കൽ പകലോമറ്റം വരെ തകർന്നുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടും കുലുക്കമില്ലാതെ സർക്കാർ ഏജൻസികൾ. പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിട്ടിയും പരസ്പരം ചെളിവാരിയെറിയുകയാണ്. ഹൈക്കോടതിയും വിഷയത്തിൽ ഇടപ്പെട്ടതോടെ ശുഭപ്രതീക്ഷയിലാണ് നാട്ടുകാർ.
ജലജീവൻ മിഷന് ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി 2023 നവംബറിലാണ് വാട്ടർ അതോറിട്ടിക്ക് പി.ഡബ്ല്യു.ഡി റോഡ് വിട്ടുനൽകിയത്. 2024 ജനുവരിയിൽ പൈപ്പിടൽ പൂർത്തീകരിച്ച് തിരിച്ചേൽപ്പിക്കുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പൈപ്പിടൽ നീണ്ടു. നിലവിൽ ഭൂഗർഭ പൈപ്പിടൽ പൂർത്തിയായെങ്കിലും പകലോമറ്റം ഭാഗത്ത് 200 മീറ്ററോളം റോഡിന് നടുവിലൂടെ പോകുന്ന പൈപ്പ് വശത്തേക്ക് മാറ്റേണ്ടതുണ്ട്. ഇത് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പൂർത്തിയാക്കുമെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്.
പൈപ്പിടൽ പൂർത്തിയാപ്പോൾ തന്നെ പി.ഡബ്ളിയു.ഡിയുടെ കാക്കനാട് ഓഫീസിൽ റോഡ് തിരിച്ച് നൽകി കത്ത് നൽകിയെങ്കിലും അവർ ഏറ്റെടുത്തില്ലെന്നും വാട്ടർ അതോറിട്ടി ആരോപിക്കുന്നു. പൈപ്പിടൽ ജോലി പൂർത്തിയായാൽ ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് 5.26 കോടി രൂപക്ക് പി.ഡബ്ല്യു.ഡി ടെണ്ടർ നൽകിയിട്ടുണ്ട്.
വാട്ടർ അതോറിട്ടി നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് ഹൈക്കോടതി
വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികളിൽ ഹൈക്കോടതിയും നിരാശരാണ് പ്രകടിപ്പിച്ചത്. ടാറിംഗ് വൈകുന്നതിനാൽ പി.ഡബ്ല്യു.ഡി കരാറുകാരൻ കരാറിൽ നിന്ന് പിന്മാറേണ്ടി വരുമെന്ന സൂചിപ്പിച്ചിട്ടുണ്ട്. ഈ നില തുടർന്നാൽ വാട്ടർ അതോറിട്ടിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടേണ്ടിവരുമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക് വ്യക്തമാക്കിയിട്ടുണ്ട്. കേസ് 23ന് കോടതി വീണ്ടും പരിഗണിക്കും. റോഡ് സംരക്ഷണ ജനകീയ സമിതിക്ക് വേണ്ടി മരിയ അബുവാണ് കോടതിയെ സമീപിച്ചത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം
ആലുവ - പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. തോട്ടുമുഖം, കുട്ടമ്മശേരി, ചാലാക്കൽ ഭാഗങ്ങളിൽ റോഡിൽ ടാറിംഗ് പൂർണമായി തകർന്നുകിടക്കുകയാണ്. ഇവിടെ അപകടങ്ങൾ പതിവാണ്. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. വലിയ കുഴികളിൽ കാറുകളുടെയും മറ്റും അടിഭാഗം അടിക്കുന്നതും ആക്‌സിൽ ഒടിയുന്നതിനും പതിവാണ്. റോഡ് അടിയന്തരമായി മികച്ച നിലവാരത്തിൽ റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് നിവേദനത്തിൽ സമന്വയ ഭാരവാഹികൾ ആവശ്യപ്പെട്ടു.