x

കൊച്ചി: തിരുവോണനാളിൽ പുതിയ കോച്ചിനു കീഴിൽ പൊരുതു കളിച്ചെങ്കിലും ഐ.എസ്.എൽ പതിനൊന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവിയോടെ തുടക്കം. സ്വന്തം തട്ടകമായ കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പഞ്ചാബ് എഫ്.സിയോട് തോറ്റത്. പകരക്കാരനായെത്തി ഒരു ഗോൾ അടിക്കുകയും മറ്റൊന്നിന് അവസരമൊരുക്കുകയും ചെയ്ത ലുക്കാ മാജ്‌സനാണ് പഞ്ചാബിന്റെ വിജയശില്പി. വിജയഗോൾ ഇഞ്ചുറി ടൈമിൽ ഫിലിപ് മിർസ്ലക് നേടി. ബ്ലാസ്റ്റേഴ്‌സിനായി സ്പാനിഷുകാരൻ ജീസസ് ജിമിനെസാണ് ഒരു ഗോൾ നേടിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പർ സച്ചിൻ സുരേഷ് ആയിരുന്നു. പ്രതിരോധത്തിൽ സന്ദീപ് സിംഗ്, പ്രീതം കോട്ടൽ, മുഹമ്മദ് സഹീഫ്, മിലോസ് ഡ്രിൻസിച്ച് എന്നിവർ അണിനിരന്നു. മദ്ധ്യനിരയിൽ അലക്‌സൻഡ്രെ കൊയെഫ്, ഫ്രഡി ലല്ലാംമാവ്മ, മുഹമ്മദ് അയ്മൻ എന്നിവരും മുന്നേറ്റത്തിൽ നോഹ സദൂയ്, ക്വാമി പെപ്ര, രാഹുൽ കെ.പി എന്നിവരും നിരന്നു.

പ്രതിരോധത്തിൽ ശ്രദ്ധിച്ചാരംഭിച്ച ബ്ലാസ്റ്റേഴ്‌സ് പിന്നാലെ ആക്രമണത്തിലേക്ക് നീങ്ങി. മുപ്പത്തേഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിനു സുവർണാവസരം കിട്ടി. സദോയ് തൊടുത്ത കോർണർ കൃത്യം ഗോൾ മുഖത്തെത്തി. അയ്മന് തല വയ്ക്കാനായില്ല. ഇതിനിടെ ബക്കെംഗ ബ്ലാസ്റ്റേഴ്‌സ് വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി.

ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിൽ പെപ്രയ്ക്ക് പകരം ജീസസ് ജിമിനെസ് ഇറങ്ങി. മദ്ധ്യനിരയിൽ അയ്മന് പകരം വിബിൻ മോഹനനും വന്നു. ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടർന്നതോടെ പഞ്ചാബ് പ്രതിരോധം കടുപ്പിച്ചു.

പെനാൽറ്റി പണിയായി

83 ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് പെനാൽറ്റി വഴങ്ങി. ലിയോൺ അഗസ്റ്റിനെ സഹീഫ് ബോക്‌സിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. ലുക്കാ മൈസെൻ എ‌ടുത്ത കിക്ക് ഗോൾ കീപ്പർ സച്ചിൻ സുരേഷിന് തടയാനായില്ല. സഹീഫിനെ പിൻവലിച്ച് കോച്ച് മിഖായേൽ സ്റ്റാറെ യോഹെൻബ മീതെയിയെ ഇറക്കി.

ജിമെനിസ് ടച്ച്

ഇഞ്ചുറി ടൈമിലായിരുന്നു പുത്തൻ സൈനിംഗ് ജിമെനിസിന്റെ ഹെഡർ. 92 ാം മിനിറ്റിൽ പ്രീതം കോട്ടൽ തൊടുത്ത ക്രോസിൽ സ്പാനിഷുകാരൻ തലവച്ചു.

മിന്നൽ മിർസൽജാക്ക്
95 ാം മിനിറ്റിൽ പഞ്ചാബ് വീണ്ടും ലീഡ് നേടി. മാജ്‌സന്റെ നീക്കം മിർസൽജാക്ക് പിടിച്ചെടുത്ത് ബോക്‌സിലേക്ക് തൊടുത്തത് തടയാൻ സച്ചിൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തായിരുന്നു പഞ്ചാബ് വിജയഗോൾ നേടിയത്.

22ന് ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുക. കൊച്ചിയാണ് വേദി.