p

കൊച്ചി: അഞ്ചു വർഷത്തെ അനിശ്ചിതത്വത്തിനൊടുവിൽ, മെഡിക്കൽ ബിരുദധാരികൾക്ക് രജിസ്‌ട്രേഷൻ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷ (നെക്‌സ്റ്റ് ) നടത്താൻ നാഷണൽ മെഡിക്കൽ കമ്മിഷൻ. എം.ബി.ബി.എസിന് 2020-21മുതലുള്ളവർക്കും ആയുർവേദം, ഹോമിയോ, യുനാനി എന്നിവയുൾപ്പെട്ട ആയുഷിൽ 2021-22മുതൽ പ്രവേശനം നേടിയവർക്കുമാണ് നാഷണൽ എക്‌സിസ്റ്റ് ടെസ്റ്റ് നടത്തുന്നത്. 2025-26ൽ പരീക്ഷ ആരംഭിക്കും.

രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തും. നാലാംവർഷ പരീക്ഷയ്ക്കു ശേഷം ആദ്യ നെക്‌സ്റ്റ് എഴുതണം; ഒരു വർഷ ഇന്റേൺഷിപ്പ് (ഹൗസ് സർജൻസി) പൂർത്തിയാകുമ്പോൾ രണ്ടാമത്തെ പരീക്ഷയും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പരീക്ഷ. ക്ലാസുകളിൽ കുറഞ്ഞത് 75 ശതമാനം ഹാജർ സർവകലാശാല പരീക്ഷയ്ക്കും നെക്‌സ്റ്റിനും നിർബന്ധമാക്കും.

എം.ബി.ബി.എസിന് പുറമെ നെക്‌സ്റ്റും വിജയിച്ചാലേ മെഡിക്കൽ കൗൺസിലുകൾ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള രജിസ്‌ട്രേഷൻ നൽകൂ.

ഒരുക്കത്തിന് 5 വർഷം

2019ലാണ് എൻ.എം.സി ആക്ടിൽ 'നെക്‌സ്റ്റ്" ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. എതിർപ്പുകൾ ഉയർന്നതോടെ സർവകലാശാലകൾ, മെഡിക്കൽ കോളേജുകൾ, ഡോക്ടർമാർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ കേട്ട് 2023 ജൂൺ 28ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2019ൽ പ്രവേശനം നേടിയവർക്ക് കോഴ്‌സ് പൂർത്തിയാകുമ്പോൾ നെക്‌സ്റ്റ് നടത്താൻ തീരുമാനിച്ചെങ്കിലും സാങ്കേതികപ്രശ്‌നങ്ങളും എതിർപ്പും മൂലം നീട്ടിവയ്ക്കുകയായിരുന്നു.

കേരളീയർക്ക് ആശങ്ക വേണ്ട

മെഡിക്കൽ വിദ്യാഭ്യാസത്തിന് ആഗോളനിലവാരം ഉറപ്പാക്കാൻ എൻ.എം.സി ആരംഭിച്ച പദ്ധതികളുടെ ഭാഗമായ നെക്‌സ്റ്റിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ. ഉന്നതനിലവാരവും പരീക്ഷകളിൽ മികവുമുള്ളതിനാൽ നെക്‌സ്‌റ്റ് ജയിക്കാൻ വിഷമമുണ്ടാകില്ല. വടക്കേയിന്ത്യയിലെ ഡീംഡ്, സ്വാശ്രയ യൂണിവേഴ്‌സിറ്റികളിൽ മെഡിക്കൽ കോഴ്സുകൾ പഠിച്ചിറങ്ങുന്നവരുടെ നിലവാരം കുറവാണ്.

നെക്‌സ്‌റ്റ് അനിവാര്യമാണ്. മികച്ച അക്കാഡമിക് അന്തരീക്ഷത്തിൽ പഠിക്കുന്ന കേരളത്തിലെ കുട്ടികൾക്ക് നെക്‌സ്‌റ്റ് കടമ്പയാകില്ല.""

ഡോ. മോഹനൻ കുന്നുമ്മൽ

വൈസ് ചാൻസലർ

കേരള ആരോഗ്യ സർവകലാശാല