vethanam

കൊച്ചി:വേതന വർദ്ധനയും പണിയുമില്ലാതായതോടെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി പഞ്ചായത്തുകൾ നെട്ടോട്ടമൊടുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ കൊഴിഞ്ഞുപോകുകയാണ്ന്നു. പല പഞ്ചായത്തുകളിലും ജോലിക്ക് ആളില്ല.

ഓരോവർഷവും തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം അനുവദിക്കുന്ന തുകയും കുറയുകയാണ്. പദ്ധതിയിൽ സജീവമല്ലാത്തവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിരവധി തൊഴിൽ കാർഡുകൾ റദ്ദാക്കി. പ്രതിദിനം 346 രൂപയാണ് വേതനം. മുൻപ് 333 രൂപയായിരുന്നു. ബഡ്ജറ്റിൽ 13 രൂപ വർദ്ധിപ്പിച്ചിരുന്നു. പലപ്പോഴും ഇത് കുടിശികയാണ്.

നിയമപ്രകാരം ഒരു ജോലി കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ തൊഴിലാളികളുടെ അക്കൗണ്ടിൽ പണമെത്തണമെന്നാണ് വ്യവസ്ഥ. മൂന്നുമുതൽ ആറുമാസം വരെ വൈകിയാണ് പണമെത്തുന്നത്.

സംസ്ഥാനത്ത് ആകെ 20,13,003 കുടുംബാംഗങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ളത്. ജില്ലയിൽ 19.32 ശതമാനം എസ്.സി വിഭാഗവും 1.88 ശതമാനം എസ്.ടി വിഭാഗവുമാണ്.

പണിയില്ല

ജില്ലയിൽ കൃഷി, പറമ്പ് വൃത്തിയാക്കൽ, മഴക്കുഴി നി‌ർമ്മാണം, കിണർ നിർമ്മാണം, തൊഴുത്ത് നിർമ്മാണം, കൈയാല നിർമ്മാണം, കെട്ടിട നിർമ്മാണം തുടങ്ങിയവയാണ് തൊഴിലുകൾ. മുമ്പ് റബർ തോട്ടങ്ങളിൽ വളമിടാനായി ചെറിയ കുഴികൾ എടുത്താൽ മതിയായിരുന്നു. ഇപ്പോൾ മൂന്ന് മീറ്റർ ആഴത്തിൽ വരെ കുഴി എടുക്കണം. ഇത്രയും ആഴത്തിൽ കുഴി എടുക്കാൻ സ്ഥലയുടമകൾ സമ്മതിക്കില്ല. സമ്മതിച്ചാൽ തന്നെ സ്ത്രീകളെക്കൊണ്ട് ചെയ്യാവുന്നതിലും ഭാരപ്പെട്ട ജോലിയാണിത്.

കൂടാതെ ഒരു ഭൂവുടമയുടെ സ്ഥലത്ത് ഒരുതവണ ജോലി ചെയ്താൽ അടുത്ത മൂന്നുവർഷത്തേക്ക് ജോലി ചെയ്യാൻ പാടില്ലെന്നാണ് പുതിയ നി‌ർദ്ദേശം. ഇതുമൂലം പണി കുറഞ്ഞു.

ജില്ലയിലെ സ്ഥിതി

മുമ്പ് കുടുംബങ്ങൾ- 2,65,000

മുമ്പ് തൊഴിലാളികൾ- 3,75,000

നിലവിൽ കുടുംബങ്ങൾ-1,09,000

നിലവിൽ തൊഴിലാളികൾ- 1,24,000

പുതിയ കേന്ദ്രനി‌ർദ്ദേശങ്ങൾ തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം ലഭ്യാമാക്കാനുള്ള സംവിധാനമെങ്കിലും അധികൃതർ ചെയ്യണം

സീന ബോസ്

സംസ്ഥാന വൈസ് പ്രസിഡന്റ്

എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി)