s

പങ്കജാക്ഷിയെ പങ്കിയെന്നും പങ്കജാക്ഷനെ പങ്കനെന്നും വിളിക്കുന്നത് നാട്ടുനടപ്പാണ്. പത്മിനി,​ പത്മജ,​ പത്മാവതി എന്നിവർ 'പപ്പി"യാകുന്നതും അപ്പച്ചൻ "അപ്പി"യാകുന്നതും ഇഷ്ടക്കൂടുതൽ കൊണ്ടാണ്. ഇഷ്ടം വല്ലാതെ കൂടുന്ന സമയങ്ങളിൽ ഭർത്താക്കന്മാരെ അമ്പട കൊച്ചുകള്ളാ എന്നു വിളിക്കുന്നവരുമുണ്ട്. ദേവലോകം, പാതാളം, പരിപ്പ്, സിലോൺ കവല, വിയറ്റ്‌നാം, മോസ്‌കോ തുടങ്ങിയ സ്ഥലപ്പേരുകൾ അഭിമാനത്തോടെ തന്നെയാണ് മലയാളക്കര ചേർത്തുപിടിക്കുന്നത്.
കാര്യങ്ങളുടെ ഇരിപ്പുവശം ഇങ്ങനെയാണെങ്കിലും, ഭാവി പ്രധാനമന്ത്രിയായ രാഹുൽജിയോട് ഇഷ്ടം വല്ലാതെയങ്ങ് കൂടി യു.പിയിലെ നോയിഡ ജില്ല കളക്ടർ മനീഷ വർമ്മ 'പപ്പുമോനെ" എന്നു വിളിച്ചത് ശരിയായില്ല. പഠിപ്പും സൗന്ദര്യവും കുടുംബമഹിമയുമുള്ള കോൺഗ്രസ് രാജകുമാരനെ വല്ലാതെയങ്ങ് ആക്ഷേപിച്ചാൽ ജനാധിപത്യവാദികൾ ക്ഷമിക്കില്ലെന്ന് ഇന്ത്യയെ സംഘിസ്ഥാൻ ആക്കാൻ കാക്കികളസവുമിട്ട് നടക്കുന്നവർ ഇനിയെങ്കിലും മനസിലാക്കണം. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന്റെ എക്‌സ് പോസ്റ്റിന് താഴെ കളക്ടറദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ' നിങ്ങൾ, നിങ്ങളെക്കുറിച്ചും നിങ്ങളുടെ പപ്പുവിനെക്കുറിച്ചും ആലോചിക്കൂ"എന്ന കമന്റാണ് കേസായത്. ഭാവി പ്രധാനമന്ത്രിയെ, സിഖുകാരുടെ വെടിയേറ്റു വീരമൃത്യു വരിച്ച ഇന്ദിരാ പ്രിയദർശിനിയുടെ കൊച്ചുമോനെ ആക്രമിച്ചത് ശരിയായില്ലെന്ന് രാജ്യാന്തര സിഖുകാരടക്കം കണ്ടെത്തിയത് നിസാര കാര്യമല്ല.
തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നും ആ ഭീകരന്മാർ പറ്റിച്ച പണിയാണിതെന്നും മനീഷ് വർമ്മ വെളിപ്പെടുത്തുകയും ഹാക്കർമാർക്കെതിരെ കേസ് നൽകുകയും ചെയ്‌തെങ്കിലും 'ശ്രദ്ധിക്കണ്ടേ അമ്പാനെ" എന്നു പറഞ്ഞ് നൈസായി ഒഴിയാനാവില്ല. 2014 മുതൽ ഉദ്യോഗസ്ഥ മാടമ്പിമാർ രാഷ്ട്രീയത്തിൽ പിടിമുറുക്കുന്നതിന്റെ തെളിവാണിതെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് കണ്ടെത്തിയിട്ടുണ്ട്.

ചായക്കോപ്പയിൽ

തുടങ്ങിയ കലാപം

വിലകൂടിയ കൂണുകറി ചപ്പാത്തിയിൽ കോരിയെടുത്ത് ഇടയ്ക്കിടെ കഴിക്കുകയും മയിലുകൾക്കും മുതലകൾക്കുമൊപ്പം കള്ളനും പൊലീസും കളിക്കുന്നവർക്കും സാധാരണക്കാരന്റെ വേദന മനസിലാവില്ല. ഇവർ ഇന്ത്യയെന്താണെന്നും തറവാട്ടുമഹിമ എന്താണെന്നും മനസിലാക്കണം. റെയിൽവേ സ്റ്റേഷനിലെ ചായക്കാരായിരുന്നവരോടും സിൽബന്തികളോടും ഇതൊന്നും പറഞ്ഞിട്ടുകാര്യമില്ല. സംവദിക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റീവിറ്റിയും എല്ലാവർക്കും കിട്ടുന്നതല്ലെന്ന് ദി കിംഗ് എന്ന സിനിമയിൽ കളക്ടർ മമ്മൂക്ക പറഞ്ഞിട്ടുണ്ട്.
ഒരാളെയും വ്യക്തിപരമായി കടന്നാക്രമിക്കരുതെന്ന് ഗാന്ധിജിയും നെഹ്‌റുജിയും എത്രയോവട്ടം പറഞ്ഞിട്ടുണ്ട്. ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടായിട്ടും ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിനെയോ സുഭാഷ് ചന്ദ്രബോസിനെയോ ഏതെങ്കിലും ഓമനപ്പേരിൽ പണ്ഡിറ്റ് നെഹ്‌റുജി വിളിച്ചിട്ടില്ല.
ചായക്കാരനായ മോദിജിയെ ചിലർ ചായ് വാല എന്നു വിളിച്ചത് ഇതുമായി കൂട്ടിവായിക്കരുത്. ചായക്കാരനെ പിന്നെന്തുവിളിക്കണം. 2014ൽ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരാണ് അങ്ങനെ വിളിച്ചത്. ചായക്കാരൻ ഇന്ത്യൻ പ്രധാനമന്ത്രിയാവുകയോ? എന്നൊരു നടുക്കത്തോടെയായിരുന്നു പ്രതികരണം. ഡൂൺ സ്‌കൂളിലും വിദേശത്തും പഠിക്കാത്ത, സായിപ്പിനെ പോലെ ഇംഗ്ലീഷ് പറയാൻ അറിയാത്ത പുവർ ഫെലോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നയിച്ചാലുള്ള ദുരന്തത്തെക്കുറിച്ച് ഓർത്ത് അയ്യർജി അറിയാതെ പറഞ്ഞുപോയതാണ്. ഗുളികൻ വായിൽ എങ്ങനെയോ വന്നുപോയി എന്നു പറയുന്നതാവും ശരി. മോദിക്ക് വീണ്ടും ചായ വിൽക്കാൻ ആഗ്രഹമുണ്ടെങ്കിൽ എന്തെങ്കിലും സംഭാവന ചെയ്യാമെന്ന് അദ്ദേഹം സദുദ്ദേശ്യത്തോടെ പിന്നീട് തിരുത്തി. നാടെങ്ങും ചായക്കടകൾ തുറന്ന് ബി.ജെ.പിക്കാർ ഇതിനോട് പ്രതികരിച്ചതോടെ കോൺഗ്രസ് കട്ടപ്പുറത്തായി. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയെ ' നീച് ആദ്മി" എന്നു വിളിച്ച് നിലപാട് ഒന്നുകൂടി വ്യക്തമാക്കി. പിന്നാക്ക വിഭാഗക്കാരനായ മോദിയെ അയ്യർജി കടന്നാക്രമിച്ചത് കോൺഗ്രസുകാർ ആഘോഷമാക്കി.

പീന്നീട് മരണത്തിന്റെ വ്യാപാരി (മൗത് കാ സൗദാഗർ), ചൗക്കിദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ്), രാവണൻ എന്നീ വിശേഷണങ്ങളും ഉയർന്നു. സോണിയാജി, രാഹുൽജി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവരായിരുന്നു ഇതിനു പിന്നിൽ. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ദുബായിൽ ലഭിച്ച വരവേൽപ്പിനെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനമാക്കി രാഹുൽജി, ചൗക്കിദാർ ചോർ ഹേ എന്നു പലതവണ വിളിക്കുകയും തിങ്ങിനിറഞ്ഞ സദസിനെക്കൊണ്ട് ഏറ്റുവിളിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് അതു റെക്കാർഡ് ചെയ്ത ചില പഹയന്മാർ ഇപ്പോഴും അത് സൂക്ഷിക്കുന്നുണ്ട്. ഒരു വിദേശരാജ്യത്ത് രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്രമിച്ചത് മാന്യതയല്ലെന്ന് ചില പ്രമുഖ കോൺഗ്രസുകാർ സ്വകാര്യമായി പ്രതികരിച്ചിരുന്നു.

കൊച്ചുകുട്ടികൾ

കുറ്റം ചെയ്താൽ...

ഓമനത്തമുള്ള കുട്ടികളെ പപ്പു എന്നു വിളിക്കുന്നത് ഉത്തരേന്ത്യയിൽ പൊതുവേയുള്ള രീതിയാണെന്നാണ് സംഘികളുടെ വിശദീകരണം. രാജീവ്ജിയുടെ മകനെ, ഇന്ദിരാജിയുടെ കൊച്ചുമോനെ സ്‌നേഹം കൂടുമ്പോൾ പിന്നെന്ത് വിളിക്കണമെന്നാണ് ചോദ്യം. എടോ രാഹുലേ എന്നു വിളിച്ചാൽ ബഹുമാനം കുറഞ്ഞുപോകും. അല്ലയോ രാഹു എന്നു വിളിച്ചാൽ അർത്ഥവും മാറും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചെത്തിയ രാഹുൽജി ലോക്സഭയിൽ ഒന്നു കത്തിക്കയറിയപ്പോഴും പരിവാറുകാർ പരിഹസിച്ചു.

99 മാർക്ക് കിട്ടിയ കുട്ടി വിജയം ആഘോഷമാക്കിയപ്പോൾ നൂറിലല്ല, 500ലാണ് 99 എന്നു അദ്ധ്യാപകൻ തിരുത്തിയ പഴയൊരു കഥ പറഞ്ഞാണ് രാഹുൽജിയെ മോദി ഇരുത്തിയത്. കുട്ടിയാണെന്ന ഒരു പരിഗണന നൽകിയില്ല.
എന്തായാലും സർക്കാർ ഉദ്യോഗസ്ഥർ ഇത്തരം കഥകൾ പറയുന്നതും സമൂഹമാദ്ധ്യമങ്ങളിലൂടെ ചില പേരുകൾ വിളിക്കുന്നതും ശരിയാണോ എന്ന ചോദ്യവുമായി ആരെങ്കിലും കോടതിയെ സമീപിച്ചേക്കാം.

സിഖ് സമുദായം മോദിയുടെ ഭീഷണി നേരിടുകയാണെന്ന് അടുത്തിടെ രാഹുൽജി അമേരിക്കയിൽ പ്രസംഗിച്ചതും ശുദ്ധഗതിക്കാരനായ കുട്ടിയായതുകൊണ്ടായിരുന്നു. സിഖുകാരന് തലപ്പാവ് ധരിക്കാനും കൃപാൺ കൊണ്ടുനടക്കാനും താടിയും മുടിയും വളർത്താനുമുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് സർക്കാരിന്റെ നീക്കമെന്ന് പ്രസംഗിച്ചത് വൈറലായി. ദേശസ്നേഹികളായ സിഖുകാരെ കോൺഗ്രസുകാർക്ക് വലിയ ഇഷ്ടമാണെന്ന് ഓർമ്മിപ്പിക്കാനും മറന്നില്ല. ആവേശംകൊണ്ട യുവ സർദാക്കന്മാരും സർദാറിണികളും രാഹുൽജിയെ പപ്പുജി,​ പപ്പുഭായ് എന്നൊക്കെ വിളിച്ചെന്നാണ് റിപ്പോർട്ടുകൾ.

1984ൽ ഇന്ദിരാജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയുണ്ടായ സിഖ് വിരുദ്ധ കലാപത്തിൽ ആയിരക്കണക്കിന് സിഖുകാർ വധിക്കപ്പെട്ടതിൽ കോൺഗ്രസ് സർക്കാരിന് പങ്കില്ലായിരുന്നു എന്ന് സകലർക്കും അറിയാം. വൻമരം വീഴുമ്പോൾ താഴെയുള്ള പുല്ലും ചെടിയും നശിക്കുന്നത് സ്വാഭാവികമാണെന്ന് ആരോ എപ്പോഴോ പറ‌ഞ്ഞതിൽ രാഹുൽജിക്ക് പങ്കില്ലെന്ന് വളരെ ശരിയാണ്. അന്നദ്ദേഹം കൊച്ചുകുട്ടിയായിരുന്നു.