
കൊച്ചി: ഹേമ കമ്മിറ്റിക്ക് നൽകിയ രഹസ്യമൊഴി മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സിനിമയിലെ വനിതാകൂട്ടായ്‌മ (ഡബ്ളിയു.സി.സി) മുഖ്യമന്ത്രിക്ക് തുറന്ന കത്ത് നൽകി. ഒരു ചാനൽ പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവരെ പുറംലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണെന്ന് കത്തിൽ പറയുന്നു.
ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ കൊണ്ടുവന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് നിരുത്തരവാദപരമായ മാദ്ധ്യമവിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യമുണ്ടായി. പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മിറ്റിയും സർക്കാരും കോടതിയും തീരുമാനിച്ച മൊഴികൾ ചാനലിലൂടെ എത്തുന്നത് കമ്മിറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയത്തിലാക്കുന്നു. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമെന്ന പ്രതീതി ജനിപ്പിക്കുന്ന പ്രവൃത്തി സ്ത്രീജീവിതങ്ങളെ കടുത്ത മാനസികസമ്മർദ്ദത്തിലാക്കുന്നു. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാർത്താ ആക്രമണം തടയണമെന്ന് കൂട്ടായ്‌മ ആവശ്യപ്പെട്ടു.