
ചോറ്റാനിക്കര: നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിനെതിരെ നഴ്സുമാരുടെ പ്രൊഫഷണൽ സംഘടന രംഗത്ത്. കോടികളുടെ ആസ്തിയുണ്ടെങ്കിലും പണം ചെലവാക്കുന്നത് ഗവൺമെന്റ് നഴ്സിംഗ് കോളേജുകൾക്കും ചില അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വേണ്ടിയാണെന്നാണ് ആരോപണം.
കൗൺസിലിൽ രജിസ്ട്രേഷന് വിദ്യാർത്ഥികളിൽ നിന്ന് 500 രൂപ മുതലും കോഴ്സുകൾക്ക് അംഗീകാരം ലഭിക്കാൻ സ്ഥാപനങ്ങളിൽ നിന്ന് 25,000- 50,000 രൂപ വരെ ഈടാക്കുമ്പോഴും കൗൺസിലിന് സ്വന്തമായൊരു കെട്ടിടം പോലുമില്ല.
സർക്കാർ പുതുതായി തുടങ്ങിയ മൂന്ന് നഴ്സിംഗ് കോളേജുകൾക്ക് വേണ്ടി 30 കോടി രൂപ ആവശ്യപ്പെട്ട് ജോയിന്റ് ഡയറക്ടർ ഒഫ് നഴ്സിംഗ് എഡ്യൂക്കേഷൻ കൗൺസിലിന് കത്തയച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഓഫീസ് കെട്ടിടം പോലുമില്ലാത്ത സാഹചര്യത്തിൽ വൻ തുക സർക്കാർ നഴ്സിംഗ് കോളേജുകൾ മാത്രമായി നൽകുന്നതിനെതിരെയാണ് പ്രതിഷേധം.
സംസ്ഥാന സമിതി യോഗം കൃത്യമായി ചേരുന്നില്ലെന്നും ആരോപണമുണ്ട്. അതിനാൽ നഴ്സുമാർ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കാൻ ശ്രമമില്ലെന്നും നഴ്സിംഗ് കൗണ്സിലിനുള്ളിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ അതിപ്രസരമാണ് നടക്കുന്നത് എന്നും ആക്ഷേപവും ശക്തമാണ്.
മുഖമന്ത്രിക്കും ആരോഗ്യവകുപ്പുമന്ത്രിക്കും പലവട്ടം പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല .
നഴ്സിംഗ് സംഘടനകളുടെ ആവശ്യങ്ങൾ
1.കൗൺസിലിന് സൗകര്യപ്രദമായ കെട്ടിടം
2. നഴ്സിംഗ് കൌൺസിൽ ആക്ട് കാലോചിത മായി പരിഷ്കരിച്ചു, സമയബന്ധിതമായി കൗൺസിൽ തിരഞ്ഞെടുപ്പ് കൃത്യമായി നടത്തുക.
3. സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.
4. നഴ്സ് പ്രാക്റ്റിഷനെർ ആക്ട് രൂപീ കരിച്ച് നടപ്പിലാക്കുക
5 വിളിച്ചാൽ കിട്ടുന്ന ഒരു ഹോട്ട് ലൈൻ സൗകര്യം.
7 അദ്ധ്യാപകർക്കുള്ള ശിക്ഷക് സദൻ മാതൃകയിൽ നഴ്സുമാർക്കും ഗസ്റ്റ് ഹൗസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുക.
8 സ്വകാര്യ, ഗവൺമെന്റ് വ്യത്യാസമില്ലാതെ എല്ലാവർക്കും തുടർ വിദ്യാഭ്യാസ പദ്ധതി കൾക്കായി ഒരുപോലെ ഫണ്ട് ചെലവഴിക്കുക.
9 നഴ്സ് മാരുടെ നൈപുണ്യം വർദ്ധിപ്പിക്കാൻ സ്കിൽ ലാബുകൾ സ്ഥാപിക്കുക.
സ്വാശ്രയ കോളേജുകൾക്ക് (സിമെറ്റ് ) ഫണ്ട് നൽകുന്നത് നിറുത്തണം. കൊടുത്തിട്ടുള്ള ഫണ്ട് വിനിയോഗത്തിൽ സുതാര്യമായി ഓഡിറ്റ് നടത്തുക.
പ്രൊഫ. രേണു സൂസൻ തോമസ്
പ്രസിഡന്റ്
ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ
കേരളാ ഘടകം