nabidinam

മൂവാറ്റുപുഴ: പ്രവാചക സ്മരണയിൽ നാടെങ്ങും നബിദിനാഘോഷം നടന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്നലെ മസ്ജിദുകളുടെയും മദ്രസകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെയാണ് നബിദിനാഘോഷം സംഘടിപ്പിച്ചത്. മൂവാറ്റുപുഴ, പേഴക്കാപ്പിള്ളി, കിഴക്കേക്കര, പെരുമറ്റം, രണ്ടാർ കര, പായിപ്ര, മുളവൂർ പള്ളിച്ചിറങ്ങര, അടൂപറമ്പ്, ആനിക്കാട് കാലാമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നബിദിന റാലികൾ നടന്നു. വിവിധ വർണങ്ങളിലുള്ള കൊടി, ബലൂൺ, ദഫ് സംഘം എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്രകൾ സംഘടിപ്പിച്ചത്. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് തെരുവോരങ്ങളിൽ മത സൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മധുര പലഹാരം, പായസം, ശീതളപാനിയങ്ങൾ എന്നിവ വിതരണം ചെയ്തു. പ്രവാചകൻ പിറന്ന മാസമായ റബീഉൽ അവ്വൽ ഒന്ന് മുതൽ മസ്ജിദുകളിലും മദ്രസകളിലും നബിദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. മസ്ജിദുകളിൽ എല്ലാ ദിവസവും പ്രവാചക പ്രകീർത്തന സദസുകൾ നടന്നിരുന്നു. നബിദിനത്തോടനുബന്ധിച്ച് മദ്രസകളിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും മതപ്രഭാഷണങ്ങളും അന്നദാനവും നടന്നു.