sanu

കൊച്ചി: അവിട്ട ദിനത്തിൽ പ്രൊഫ.എം.കെ. സാനുവിന് ഓണക്കോടിയുമായി ശിഷ്യയുടെ മകനായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി.

തന്റെ അമ്മ ജ്ഞാനലക്ഷ്മിയെ ആലപ്പുഴ എസ്.ഡി.വി സ്‌കൂളിൽ മൂന്നുവർഷം പഠിപ്പിച്ച അദ്ദേഹത്തെ ദൈവതുല്യമായാണ് കാണുന്നത്. അമ്മയുടെ ആഗ്രഹപ്രകാരമാണ് ഇടയ്ക്കിടെ സാനുമാഷിനെ കാണാൻ വരുന്നതെന്നും മാദ്ധ്യമപ്രവർത്തരോട് പറഞ്ഞു.

ജാതി-മത ചിന്തകൾക്ക് അതീതനായ പ്രൊഫ. എം.കെ. സാനുവിനെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ വക്താവായി കാണുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഇന്നലെ രാവിലെ പത്തിന് കാരക്കാമുറി ക്രോസ് റോഡിൽ മാഷിന്റെ വസതിയായ സന്ധ്യയിലെത്സുതിയാണ് സുരേഷ് ഗോപി ഓണക്കോടി കൈമാറിയത്.

സാനുമാഷിന്റെ കുടുംബാംഗങ്ങൾ മന്ത്രിയെ സ്വീകരിച്ചു. സുരേഷ് ഗോപിയെ ചെറുപ്പം മുതൽ അറിയാമെന്നും മഹാനായ നടനും മനുഷ്യസ്‌നേഹിയുമാണ് അദ്ദേഹമെന്നും എം.കെ.സാനു പറഞ്ഞു. 'പ്രിയ ശിഷ്യയായ ജ്ഞാനലക്ഷ്മിയെ ഓർമ്മിച്ച് കൊണ്ട് " എന്ന കുറിപ്പെഴുതി കുന്തിദേവി എന്ന തന്റെ നോവൽ സുരേഷ് ഗോപിക്ക് സമ്മാനിച്ചു. മാഷിന്റെ
മക്കളായ രഞ്ജിത്ത്, ഗീത, ഹാരിസ് , മരുമകൾ മായ, പേരക്കുട്ടി രോഹൻ , ബി. ജെ. പി സംസ്ഥാന സമിതി അംഗം സി.ജി. രാജഗോപാൽ എന്നിവർ പങ്കെടുത്തു. പേരക്കുട്ടി രോഹന്റെ വിവാഹ ക്ഷണക്കത്തും സുരേഷ് ഗോപിക്ക് നൽകി .

 തന്റെ സന്ദർശനം രാഷ്ട്രീയമല്ല
സാഹിത്യരംഗത്ത് രാഷ്ട്രീയം പറയാൻ എം.ടി. വാസുദേവൻ നായരുണ്ട്. സാഹിത്യ, സാംസ്‌കാരിക , സാമൂഹിക മേഖലയിൽ കേരളത്തിന്റെ പൊതുസ്വത്താണ് സാനുമാഷ്. അദ്ദേഹത്തെ ഒരു രാഷ്ട്രീയ തൊഴുത്തിലും കെട്ടിയിടേണ്ടതില്ല. അതുകൊണ്ടുതന്നെ തന്റെ സന്ദർശനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും പറഞ്ഞു. മാഷിന്റെ കാൽ തൊട്ട് വണങ്ങിയാണ് സുരേഷ് ഗോപി മടങ്ങിയത്.