കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ അനുശ്രീ, ഹരിത, ഹരിശ്രീ കുടുംബശ്രീയിലെ ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങളെ ആദരിച്ചു.

ഓണത്തോടനുബന്ധിച്ച് ആമ്പല്ലൂർ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഏർപ്പെടുത്തിയ കാർഷിക മത്സരത്തിൽ മികച്ച കർഷക കൂട്ടായ്മക്കുള്ള അവാർഡ് ഈ ഗ്രൂപ്പുകൾ നേടിയിരുന്നു. ആമ്പല്ലൂർ പഞ്ചായത്തിലെ പാട്ടത്തിനെടുത്ത ഒന്നര ഏക്കർ ഭൂമിയിലാണ് ഇവർ പൊന്നുവിളയിച്ചത്. ചോളം, മക്കിച്ചോളം, മണിച്ചോളം തുടങ്ങിയ ചെറുധാന്യങ്ങളും, വെണ്ട, വഴുതന, പയർ, പച്ചമുളക്, തക്കാളി, വാഴ, കപ്പ, ചേന തുടങ്ങിയവയും ബന്ദിപ്പൂകൃഷിയും ചെയ്തിട്ടുണ്ട്.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം. തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. കർഷക ലീഡർ ശ്രീലതാ സദാശിവനെയും അംഗങ്ങളെയും പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടകൈമാറി ആദരിച്ചു. പി.എൻ. സദാശിവൻ, ഗിരിജൻ തുടങ്ങിയവർ സംസാരിച്ചു.