nabidinam

മൂവാറ്റുപുഴ: മതസൗഹാർദ്ദത്തിന്റെ സന്ദേശം ഉയർത്തി നബിദിന റാലിക്ക് സ്വീകരണം നൽകി മുളവൂർ അറേക്കാട് ദേവീ ക്ഷേത്രം ഭാരവാഹികൾ. മുളവൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ, മുളവൂർ പി.ഒ ജംഗ്ഷൻ ബദറുൽ ഇസ്ലാം മദ്രസ, പൊന്നിരിക്കപ്പറമ്പ് ദാറുസ്സലാം മദ്രസ എന്നിവരുടെ നേതൃത്വത്തിൽ മുളവൂരിൽ നടന്ന നബിദിന റാലിക്കാണ് ക്ഷേത്രം ഭാരവാഹികൾ സ്വീകരണം നൽകിയത്. അറേക്കാട് ദേവീ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വി.ഡി. സിജു, സെക്രട്ടറി എ.ജി. ബാലകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ കെ.എസ്. സുമേഷ്, കെ.വി സുരേഷ്, എ.എൻ.ദിനീശ്, വിഷ്ണു പ്രദീപ്, ഹിദായത്തുൽ ഇസ്ലാം മദ്രസ പ്രധാന അദ്ധ്യാപകൻ അബ്ദുൽ കബീർ ബാഖവി, അബ്ദുൽ കരീം മൗലവി, ഉസ്മാൻ മൗലവി, പി.എം.അലിയാർ, ഇസ്മയിൽ കുഞ്ചാട്ട്, ഇബ്രാഹിം പുളിക്കക്കുടി എന്നിവർ സംബന്ധിച്ചു.

പള്ളിക്കാവ് ത്രിദേവിക്ഷേത്രം ഭാരവാഹികൾ

മൂവാറ്റുപുഴ: നബിദിന ഘോഷയാത്രക്ക് വർഷങ്ങളായി സ്വികരണം നൽകി മത സൗഹാർദ്ദ സന്ദേശം പകർന്ന് നൽകുന്ന പള്ളിക്കാവ് ത്രിദേവിക്ഷേത്ര ഭാരവാഹികൾ ഇക്കുറിയും മാതൃകയായി. പേഴക്കാപ്പിള്ളി, പള്ളിച്ചിറങ്ങര മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച നബിദിന ഘോഷയാത്രയ്ക്കാണ് ക്ഷേത്രം ഭാരവാഹികൾ സ്വീകരണം നൽകിയത്. മദ്രസ വിദ്യാർത്ഥികളും ജമാഅത്ത് അംഗങ്ങളും അണിനിരന്ന ഘോഷയാത്രക്ക് പള്ളിച്ചിറങ്ങര പള്ളിക്കാവ് ത്രിദേവിക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും മധുര പലഹാരങ്ങളും പാനീയങ്ങളും നൽകുകയും ചെയ്തു. ക്ഷേത്രം ഭാരവാഹികളായാ സജി നെടുളംകുഴി , മൂത്താരിയിൽ നാരായണൻ തുടങ്ങിയവരാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്.