കൊച്ചി: ആധുനിക നിലവാരത്തിൽ നവീകരിക്കുന്ന കലൂർ മാർക്കറ്റ് അടുത്തമാസം തുറക്കും. നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ പൂർത്തിയായി. ഏതാനും കടമുറികളുടെ ടെൻഡർ നടപടികൾ മാത്രമേ ബാക്കിയുള്ളു. കാൽനൂറ്റാണ്ടിലേറെയായി ഉപയോഗ ശൂന്യമായിക്കിടന്ന കലൂർ മാർക്കറ്റ് ജി.സി.ഡി.എയാണ് നവീകരിക്കുന്നത്.
അപ്രോച്ച് റോഡുകളുടെ നിർമ്മാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. മണപ്പാട്ടിപ്പറമ്പ് റോഡ്, മെട്രോസ്റ്റേഷന്റെ പുറകിലൂടെയുള്ള റോഡ്, ഗോകുലം ഹോട്ടലിന്റെ പുറകിലൂടെയുള്ള റോഡ് എന്നീ അപ്രോച്ച് റോഡുകൾ ടൈൽപാകിയും ഒപ്പം തോടുകെട്ടിയും സംരക്ഷിക്കും. അവിടെ ലൈറ്റുകളും ഉണ്ടാകും. വിപുലമായ ഉദ്ഘാടന പരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്യുന്നത്. ഉദ്ഘാടനം കഴിയുന്നതോടെ നിലവിൽ പഴയമാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാരികളെ പുതിയ മാർക്കറ്റിലേക്ക് പുനരധിവസിപ്പിക്കും.
പഴയ മാർക്കറ്റിലെ അസൗകര്യങ്ങളും മാലിന്യസംസ്‌കരണത്തിലെ പ്രശ്‌നങ്ങളും വർദ്ധിച്ചതോടെ 1999ലാണ് കലൂരിൽ മണപ്പാട്ടിപ്പറമ്പിനോട് ചേർന്ന് പുതിയ മാർക്കറ്റ് നിർമ്മാണം ആരംഭിച്ചത്. ഗോകുലം പാർക്ക് ഹോട്ടലിന് സമീപത്തുകൂടി കലൂർ മെട്രോസ്റ്റേഷനിലേക്ക് എത്താൻ സാധിക്കുന്ന തരത്തിൽ അപ്രോച്ച് റോഡുകളും മാർക്കറ്റിലേക്കുണ്ടാകും.
കെട്ടിടത്തിലെ താഴത്തെ നിലയിൽ പഴം, പച്ചക്കറികൾ, മത്സ്യ, മാംസം എന്നിവ കച്ചവടം നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇവയ്‌ക്കൊപ്പം അനുബന്ധ ഉത്പന്നങ്ങളും പലചരക്ക് സാധനങ്ങളും വിൽക്കുന്നതിനായും പ്രത്യേക ഇടങ്ങൾ സജ്ജമാക്കി. ഉറവിട മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി, മലിനജല സംസ്‌കരണ പ്ലാന്റ്, അഗ്നിരക്ഷാ സംവിധാനങ്ങൾ, സർവീസ് ലിഫ്റ്റ്, ജനറേറ്റർ, പാർക്കിംഗ് സൗകര്യം തുടങ്ങി ആധുനിക മാർക്കറ്റിനാവശ്യമായ എല്ലാ സൗകര്യങ്ങളും കലൂരിലെ നവീകരിച്ച മാർക്കറ്റിൽ ഉണ്ടാകും.
നവീകരിക്കുന്നത് ജി.സി.ഡി.എ
1 പദ്ധതിച്ചെലവ് ₹ 5.87കോടി
2രണ്ട് നിലകളിലാണ് മാർക്കറ്റ് സമുച്ചയം
3 താഴത്തെ നിലയിൽ 66 കടമുറികളും 30 സ്റ്റാളുകളും
4 ഒന്നാം നിലയിൽ ഓപ്പൺ റെസ്റ്റോറന്റ് ഉൾപ്പെടെ 18 കടമുറികൾ
5 1.08 ഏക്കറിൽ 40,000 ചതുരശ്രഅടി വിസ്തീർണം
ബിവറേജസ് ഔട്ലെറ്റ്
മാർക്കറ്റിൽ ബിവറേജസിന്റെ പ്രീമിയം ഔട്ലെറ്റ് ആരംഭിക്കുന്ന കാര്യങ്ങൾ പരിഗണനയിലാണ്. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾ നടക്കുകയാണ്.