കൊച്ചി: ഓരോ ദിവസവും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി വെളിവുകേട് പറയുന്ന അൻവറിന്റെ വിരട്ടലും വിലപേശലും കോൺഗ്രസിനോട് വേണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സി.പി.എമ്മും ഇടതുമുന്നണിയും സർക്കാരും ഈ വെളിപ്പെടുത്തലുകൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല. ആരും പരിഗണിക്കാതെ വരുമ്പോഴാണ് അൻവർ പുതിയ വെളിപ്പെടുത്തലും അധിക്ഷേപങ്ങളുമായി വിമർശിക്കുന്നവർക്കെതിരെ തിരിയുന്നത്. വണ്ടിച്ചെക്ക് കേസുകളിലും സർക്കാർഭൂമി കൈയേറിയ കേസിലും പ്രതിസ്ഥാനത്തുള്ള അൻവർ തികഞ്ഞ തട്ടിപ്പുകാരനാണ്. പൊതുജനങ്ങളെ കബളിപ്പിക്കുവാൻ നടത്തുന്ന നിരന്തരമായ അധിക്ഷേപങ്ങൾകൊണ്ട് മുഖ്യമന്ത്രിയെ വിരട്ടുന്നതുപോലെ കോൺഗ്രസ് നേതാക്കളെ വിരട്ടാമെന്ന് അൻവർ കരുതേണ്ട. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വം കോൺഗ്രസിനില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.