karumalloor-
കരുമാല്ലൂരിലെ അധികാരത്തർക്കം കയ്യാങ്കളിയിലേക്ക്

ആലങ്ങാട് : കരുമാലൂർ പഞ്ചായത്തിലെ അധികാര തർക്കം സംബന്ധിച്ച മാദ്ധ്യമ വാർത്തകളെ തുടർന്ന് സി.പി.എം പാർട്ടി പ്രവർത്തകർക്കിടയിൽ കയ്യാങ്കളിയും വാക്കു തർക്കവും. കഴിഞ്ഞ ദിവസം പെൻഷനേഴ്സ് അസോസിയേഷൻ നേതാവും മുതിർന്ന സി.പി.എം പ്രവർത്തകനുമായ ഒരാളെ മർദിക്കാൻ ശ്രമിച്ചതായി ആലങ്ങാട് പൊലീസിൽ പരാതി നൽകി. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുവാണ് മർദിക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം. അധികാര തർക്കവുമായി ബന്ധപ്പെട്ട വാർത്തകളും പാർട്ടിയിൽ ലഭിച്ച പരാതികളെ പറ്റിയും ചർച്ച ചെയ്യുന്നതിനിടെയാണു തർക്കമുണ്ടായത്. ധാരണ പ്രകാരം നിലവിലെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് പുതിയ ആൾക്ക് സ്ഥാന കൈമാറ്റം നടത്താതെ വന്നതോടെയാണ് അധികാര തർക്കം രൂക്ഷമായത്. തുടർന്ന് ഈ ധാരണ നടപ്പാക്കണമെന്ന് 2 മാസം മുമ്പ് ചേർന്ന സി.പി.എം കളമശേരി ഏരിയ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം കരുമാലൂർ ലോക്കൽ കമ്മിറ്റിയും അംഗീകരിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ വന്നതോടെ പഞ്ചായത്ത് അംഗം സബിത നാസർ പാർട്ടി നേതൃത്വത്തെ ഒരാഴ്ച മുൻപ് അതൃപ്തി അറിയിച്ചു. കൂടാതെ നിലവിൽ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കത്തും പാർട്ടിക്ക് നൽകിയിരുന്നു. ഇതു സംബന്ധിച്ചു രണ്ടു ദിവസം മുൻപ് ഉണ്ടായ തർക്കങ്ങൾക്കും നോട്ടീസ് പതിക്കലിനും പിന്നാലെയാണ് കഴിഞ്ഞ ദിവസം കാര്യങ്ങൾ കയ്യാങ്കളിയിൽ വരെ എത്തിയത്. പാർട്ടി സമ്മേളനം ആരംഭിക്കാനിരിക്കെ കരുമാലൂരിലെ അധികാര തർക്കവും കയ്യാങ്കളിയും ഇതോടെ നേതൃത്വത്തിനു തലവേദനയായിരിക്കുകയാണ്.

കരുമാലൂർ പഞ്ചായത്തിൽ യാതൊരുവിധ അധികാര തർക്കം ഇല്ല. പഞ്ചായത്ത് അംഗം മനഃപ്പൂർവം നോട്ടീസ് കൈപ്പറ്റാതെ വന്നതോടെയാണ് വീടിന് മുന്നിൽ ഒട്ടിച്ചത്. അധികാര കൈമാറ്റം നടത്താൻ സമയമായിട്ടില്ല.

ശ്രീലത ലാലു

പഞ്ചായത്ത് പ്രസിഡന്റ്