കൊച്ചി: തിരുവോണനാളിൽ എളമക്കരയിൽ ദുരൂഹസാഹചര്യത്തിൽ യുവാവിനെ നടുറോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ഇടപ്പള്ളി മരോട്ടിച്ചുവട് പാലത്തിന് സമീപത്ത് താമസിക്കുന്ന പ്രവീണാണ് (45) മരിച്ചത്. ഇയാളുടെ മേൽവിലാസമോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി ഒരിടത്ത് താമസിക്കുന്ന പ്രകൃതക്കാരനല്ല.
സംഭവത്തിൽ കൊല്ലം സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. മൂന്നുപേരും ചേർന്ന് മദ്യപിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. പ്രവീണിന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.