#യാത്രക്കാർ ആശങ്കയിലായി
# ബദൽ സംവിധാനവും ഏർപ്പെടുത്തിയില്ല
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബംഗളൂരുവിലേക്ക് പറന്ന അലയൻസ് എയർ വിമാനം യന്ത്രത്തകരാറിനെ തുടർന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറക്കിയത് യാത്രക്കാരെ വലച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട വിമാനമാണ് തകരാറിലായത്.
വിമാനം കൊച്ചിയിൽനിന്ന് പറന്നുയർന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും യന്ത്രത്തകരാറുണ്ടെന്നും കോയമ്പത്തൂരിൽ ഇറക്കുകയാണെന്നും അറിയിപ്പ് ലഭിച്ചതോടെ വിമാനത്തിലുണ്ടായിരുന്ന 70 ഓളം യാത്രക്കാർ പരിഭ്രാന്തരായി. കോയമ്പത്തൂരിൽ വിമാനം സുരക്ഷിതമായി ഇറങ്ങുന്നതുവരെ യാത്രക്കാർ ആശങ്കയുടെ മുൾമുനയിലായിരുന്നു. വിമാനം എമർജൻസി ലാൻഡ് ചെയ്യുമ്പോൾ എല്ലാ സുരക്ഷക്രമീകരണങ്ങളും ഒരുക്കിയിരുന്നു. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കിയെങ്കിലും വിമാനക്കമ്പനി തുടർയാത്രയ്ക്ക് ബദൽ സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല. അലയൻസ് എയറിന്റെ ഓഫീസ് കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇല്ലാതിരുന്നതും വലച്ചു.
തുടർന്ന് യാത്രക്കാർ സ്വന്തംനിലയിൽ പണംമുടക്കിയാണ് മറ്റ് വിമാനത്തിലും റോഡ് മാർഗവുമായി യാത്രതുടർന്നതെന്ന് അലയൻസ് എയറിലെ യാത്രക്കാരനായ വലപ്പാട് കരിപ്പാടത്ത് വീട്ടിൽ മനോജ് 'കേരളകൗമുദി'യോട് പറഞ്ഞു. സാധാരണയായി കൊച്ചി - ബംഗളൂരു വിമാനടിക്കറ്റിന് 3000 രൂപയിൽ താഴെയാണ് വരുന്നത്. ഓണം അവധിയായതിനാലും ഞായറാഴ്ച രാവിലെ ടിക്കറ്റ് എടുത്തതിനാലും മനോജിനും ഭാര്യയ്ക്കും 16,500 രൂപയോളം ടിക്കറ്റിനായി. കോയമ്പത്തൂരിൽനിന്ന് ടാക്സിയിൽ ബംഗളൂരുവിലേക്ക് പോയതിനും 12,000 രൂപയോളമായി. വിമാനക്കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിന് ഉപഭോക്തൃകോടതിയെ സമീപിക്കുമെന്ന് മനോജ് പറഞ്ഞു.