 
കൊച്ചി: അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. സി.ആർ. ഓമനക്കുട്ടന്റെ ഒന്നാംഓർമ്മദിനം സാഹിത്യപ്രവർത്തകരും ശിഷ്യരും ചേർന്ന് എറണാകുളം താജ്‌ഗേറ്റ്‌വേയിലെ വാട്ടർഫ്രണ്ട് ഹാളിൽ ആചരിച്ചു.
ഓർമ്മകളെ തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ നിക്ഷേപമാക്കി മാറ്റിയ ആളാണ് സി.ആർ. ഓമനക്കുട്ടനെന്നും കുമാരനാശാന്റെ സ്നേഹഭാവനകളുടെ വൈരുദ്ധ്യങ്ങളെ കണ്ടെത്തുകയാണ് 'കുമാരു' എന്ന നോവലിലൂടെ അദ്ദേഹം ചെയ്തതെന്നും സുനിൽ പി. ഇളയിടം അനുസ്മരിച്ചു. കാലത്തിനെത്രയോ മുന്നേ സഞ്ചരിച്ച സൂക്ഷ്മമായ രാഷ്ട്രീയ ദർശനങ്ങളുടെ കരുത്തായിരുന്നു ചെറിയ കഥകളെന്ന് സി.ആർ. ഓമനക്കുട്ടൻ സ്വയം വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ വലിയ കഥകൾക്ക് ഉണ്ടായിരുന്നതെന്ന് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
സി.ആർ. ഓമനക്കുട്ടന്റെ 'കുമാരു'വിന്റെ പുതിയ പതിപ്പ് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശിപ്പിച്ചു. എസ്. ശാരദക്കുട്ടി പുസ്തകം ഏറ്റുവാങ്ങി.
കഥാകൃത്ത് ആർ. ഉണ്ണി, സി.ഐ.സി.സി ജയചന്ദ്രൻ, പി.എം. ആരതി, സി.ആർ. അനൂപ എന്നിവർ സംസാരിച്ചു.