1 പദ്ധതി ₹ 17 കോടിയുടേത്
2 സിന്തറ്റിക് ട്രാക്കിന് ₹6.90 കോടിരൂപ
3 ഹോക്കി ടർഫിന് ₹ 9.15 കോടിരൂപ
4 മൾട്ടി സ്പോർട്സ് ₹ 45 ലക്ഷംരൂപ
കൊച്ചി: കൊച്ചിയിൽ നടക്കുന്ന പ്രഥമ സ്കൂൾ ഒളിമ്പിക്സിന് മുമ്പായി മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഫുൾസെറ്റാവും. മഹാരാജാസ് ഗ്രൗണ്ട് സ്കൂൾ ഒളിമ്പിക്സിന്റെ വേദിയാകാൻ സാദ്ധ്യതയുള്ളതിനാൽ നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗ്രൗണ്ടിന്റെ പുനർജന്മം.
സിന്തറ്റിക് ട്രാക്ക്
സിന്തറ്റിക് ട്രാക്ക് നിർമ്മാണം പുരോഗമിക്കുകയാണ്. സ്കൂൾ ഒളിമ്പിക്സിന് സിന്തറ്റിക് ട്രാക്ക് ഏറെ ഗുണകരമാകും. ഉന്നത വിദ്യാഭ്യാസവകുപ്പ് അനുവദിച്ച ഫണ്ടുപയോഗിച്ച് ട്രാക്ക് നിർമ്മിക്കാൻ ആദ്യം ചുമതലപ്പെടുത്തിയത് പി.ഡബ്ല്യു.ഡിയെയായിരുന്നു. ഇവരുടെ 9കോടിയുടെ എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ചില്ല. തുടർന്ന് സ്പോർട്സ് ഫൗണ്ടേഷൻ ചുമതലപ്പെടുത്തിയ ഹൈദരാബാദിലെ ഗ്രോറ്റ് സ്പോർട്സ് എന്ന സ്ഥാപനത്തിനാണ് നിർമ്മാണച്ചുമതല.
* ഹോക്കി ടർഫ്
സ്മാർട് സിറ്റി മിഷനാണ് ഹോക്കിടർഫ് നിർമ്മിക്കുന്നത്. ഇതിനായി മണ്ണടിച്ച് സ്ഥലമുയർത്തൽ തുടങ്ങി. ആദ്യം സ്പോർട്സ് കൗൺസിൽ പദ്ധതിക്കായി 6.71 കോടിരൂപ പ്രഖ്യാപിച്ചെങ്കിലും ഇത് നടന്നില്ല. ഹോക്കി ടർഫ് സ്പോർട്സ് കൗൺസിലിന് കീഴിൽ വരണമെന്ന ആവശ്യത്തിന് അനുമതി നൽകാത്തതാണ് കാരണം.
* മൾട്ടി സ്പോർട്സ് ഫെസിലിറ്റി
കോളേജിന്റെ വടക്കുഭാഗത്തായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് മൾട്ടി സ്പോർട്സ് ഫെസിലിറ്റി. ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ, ഷട്ടിൽ, റോളർസ്കേറ്റിംഗ് അടക്കമുള്ള ഇൻഡോർ ഗെയിംസിനുള്ള സൗകര്യമുണ്ടാകും. പി.ഡബ്ല്യു.ഡിയുടെ പ്ലാൻഫണ്ടിൽനിന്ന് 45 ലക്ഷംരൂപയാണ് ചെലവ്.
* മതിൽ
കോളേജ് ഗ്രൗണ്ടിലെ മാലിന്യനിക്ഷേപവും സാമൂഹികവിരുദ്ധശല്യങ്ങളും ഒഴിവാക്കുന്നതിനായി എം.ജി റോഡിന് ചുറ്റും മതിൽകെട്ടി സംരക്ഷിക്കുന്ന പദ്ധതി അവസാനഘട്ടത്തിലാണ്. നിർമ്മാണം ഏകദേശം പൂർത്തിയാകാറായി.
* ബസ് സ്റ്രോപ്പ് മാറ്റും
മഹാരാജാസ് മെട്രോസ്റ്റേഷന് അടുത്തുള്ള ബസ് സ്റ്രോപ്പ് വടക്ക് ഭാഗത്തേക്ക് മാറ്റും. ഹോക്കിടർഫ് വരുന്നതിന്റെ ഭാഗമായാണിത്. ബസ് സ്റ്റോപ്പ് മാറ്റിയില്ലെങ്കിൽ ഇവിടുത്തെ മരങ്ങൾ വെട്ടിമാറ്റേണ്ടിവരും. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം.
നവംബറിൽ നടക്കുന്ന പ്രഥമ സ്കൂൾ ഒളിമ്പിക്സിന് മുമ്പായി മഹാരാജാസ് കോളേജ് ഗ്രൗണ്ട് സജ്ജമാകും. സ്പോർട്സ് താരങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത തരത്തിലുള്ള വേദിയായിരിക്കും മഹാരാജാസിലേത്.
ടി.ജെ. വിനോദ്,
എം.എൽ.എ