
കൊച്ചി: വയനാട് ദുരന്തനിവാരണത്തിൽ യുക്തിക്ക് നിരക്കാത്ത കണക്കുകളാണ് സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പുറത്തുവന്ന കണക്കുകൾ ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർക്കും. കേന്ദ്രസഹായം നഷ്‌ടമാക്കാനും കാരണമായേക്കുമെന്ന് നെടുമ്പാശേരിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രത്തിന് നൽകിയ നിവേദനത്തിലേതാണ് കണക്കുകളെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിവേദനം സമർപ്പിക്കേണ്ടത്. എസ്.ഡി.ആർ.എഫ് മാനദണ്ഡങ്ങളുമായി ബന്ധമില്ലാത്തതാണ് നൽകിയ കണക്ക്. ഡിസാസ്റ്റർ മാനേജ്‌മെന്റാണോ റവന്യൂ വകുപ്പാണോ തയ്യാറാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണം.
കള്ളക്കണക്ക് എഴുതാതെ ശ്രദ്ധയോടെ നിവേദനം തയ്യാറാക്കി നൽകിയിരുന്നെങ്കിൽ കേന്ദ്രത്തിൽ നിന്ന് ന്യായമായ സഹായം വാങ്ങിയെടുക്കാമായിരുന്നു.വിവാദങ്ങളിൽപ്പെട്ട് സഹായം ലഭിക്കാതെ പോകരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.
യുക്തിക്ക് നിരക്കാത്ത കണക്ക് എഴുതിയാൽ കേന്ദ്ര ഉദ്യോഗസ്ഥർ ഗൗനിക്കില്ല. സർക്കാർ പുനർവിചിന്തനം നടത്തണം. 2000 കോടി രൂപ ലഭിക്കുന്ന വിധത്തിൽ എസ്.ഡി.ആർ.എഫ് മാനദണ്ഡങ്ങൾക്ക് അനുസൃതമായ നിവേദനം നൽകണം. നിവേദനം തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.
നിരവധി മൃതദേഹങ്ങൾ ബന്ധുക്കളാണ് സംസ്‌കരിച്ചത്. ബാക്കിയുള്ളവ സംസ്‌കരിക്കാൻ എം.എൽ.എയും പഞ്ചായത്തും ഉൾപ്പെടെ ഹാരിസൺ മലയാളം കമ്പനിയുമായി സംസാരിച്ചാണ് സ്ഥലം കണ്ടെത്തിയത്. കുഴിയെടുക്കാനുള്ള സൗകര്യം എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റാണ് ഏർപ്പെടുത്തിയത് .സംസ്‌കരിച്ചത് സന്നദ്ധപ്രവർത്തകരാണ്. യാഥാർത്ഥ്യം ഇതായിരിക്കെയാണ് ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ ചെലവായെന്ന കണക്കെഴുതിയത്.
ധനസഹായത്തിന് മുന്നോടിയായുള്ള തുക കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാറുണ്ട്. കിട്ടിയില്ലെന്ന പരാതി സംസ്ഥാന സർക്കാരിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വയനാട് ഫണ്ട്:
കോൺ. പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇന്ന്. വൈകിട്ട് 5ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എൽ.ഡി.എഫ് സർക്കാരിന്റെയും ദുരന്തബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്ര സർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ചാണിതെന്ന് കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.
വയനാട് ചെലവ്
കണക്ക് : വിമർശനം
ഉയർത്തി പ്രതിപക്ഷം
മാദ്ധ്യമങ്ങൾക്കെതിരെ സി.പി.എം
തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ നിവേദനത്തിലെ കണക്കുകളെവിമർശിച്ച് യു.ഡി.എഫും, അതിന്റെ പേരിൽ മാദ്ധ്യമങ്ങളെ പഴിച്ച് സി.പി.എമ്മും..
കേന്ദ്രത്തിന് സമർപ്പിച്ച കണക്കുകൾക്ക് യാഥാർത്ഥ്യ ബോധമില്ലെന്നാണ് യു.ഡി.എഫും കോൺഗ്രസും വിമർശിക്കുന്നത്. 2018ലെ പ്രളയ ഫണ്ട് തട്ടിപ്പ് അടക്കമുള്ള കാര്യങ്ങളും ഉന്നയിക്കപ്പെടുന്നു. മാദ്ധ്യമങ്ങൾ സർക്കാരിനെതിരെ കള്ള പ്രചാരവേല നടത്തുന്നുവെന്ന വിമർശനമാണ്സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഇടതു മുന്നണി കൺവീനർ ടി.പി രാമകൃഷ്ണനും ഉന്നയിക്കുന്നത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നിവേദനം സമർപ്പിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കേന്ദ്ര സഹായത്തിന്റെ കാര്യത്തിൽ അനക്കമില്ലെന്ന ആക്ഷേപവും സി.പി.എം ഉയർത്തുന്നു.