putta-vimaladithya

കൊച്ചി: അനുദിനം രൂപം മാറുന്ന സൈബർ കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കും എതിരെ പുതിയ 'മോഡസ് ഓപ്പറാൻഡി' സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റ പുട്ട വിമലാദിത്യ. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി സിറ്റി പൊലീസ് പരിധിയിലെ ക്രിമിനൽ മാപ്പിംഗ് നടന്നുവരികയാണ്. പലതവണ കേസിൽപ്പെട്ടവർ ഇതോടെ നിരീക്ഷണത്തിലാകും.നഗരത്തിൽ നൈറ്റ് പട്രോളിംഗ് മുമ്പത്തേ പോലെ കാര്യക്ഷമമല്ലെന്ന വിഷയം പരിശോധിക്കും.

കൊച്ചി കേന്ദ്രീകരിച്ച് ലഹരി നീക്കവും വിപണവും സജീവമാണ്. അതിനാൽ മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഇനിയുമേറെ നീങ്ങാനുണ്ട്. പൊലീസ് നടപടികൾ ഫലം ചെയ്യുന്നുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പൊലീസ് മുൻഗണന നൽകും.

? സൈബർ കേസുകളിലെ പുതിയ തന്ത്രങ്ങൾ വിശദീകരിക്കാമോ

 തട്ടിപ്പുകളുടെ ഉറവിടം കണ്ടെത്തുന്ന വിധം,

അന്വേഷണം എന്നിവ ശക്തമാക്കും. സാധാരണക്കാർ ഇത്രയെളുപ്പം ഇരകളാകുന്നതെങ്ങനെയെന്ന കാര്യം വിശകലനം ചെയ്യും. പണം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കാണ് നടപടിയെടുക്കും. ഒപ്പം ബോധവത്കരണവും ഊ‌ർജിതമാക്കും. വെല്ലുവിളികൾ പലതുണ്ട്. സൈബർ തട്ടിപ്പ് നടത്തണമെങ്കിൽ അതിന് മൊബൈലും സിമ്മും ബാങ്ക് അക്കൗണ്ടും ഒരു ഓൺലൈൻ പ്ലാറ്റ്ഫോമും വേണം. അക്കൗണ്ടുകൾ വ്യാജമായിരിക്കാനും ഇടയുണ്ട്. അതിനാൽ കുറ്റവാളികളിലെത്താൻ സേവനദാതാക്കളിൽ നിന്നെല്ലാം സമയബന്ധിതമായി വിവരം ലഭിക്കണം. ഇവയിലടക്കം പുതിയ രീതി അവലംബിക്കണം.

? മിക്ക സൈബർ കുറ്റകൃത്യങ്ങൾക്കും അന്തർസംസ്ഥാന ബന്ധമുണ്ട്. പൊലീസിന് പരിമിതികളില്ലേ?

 കുറ്റവാളികളിൽ പലരും അന്യസംസ്ഥാനങ്ങളിലാണെന്ന വിഷയമുണ്ട്. പൊലീസ് അവിടെ നിന്നും പ്രതികളെ പിടിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഏറെ ജോലി ബാക്കിയുണ്ട്. കേന്ദ്ര സ‌ർക്കാരിന് കീഴിലുള്ള 'ഐ4സി(ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെൽ) പൂർണസജ്ജമാകുന്നതോടെ വിവരകൈമാറ്റം കൂടുതൽ സുഗമമാകും.

? വ്യക്തിവിവരങ്ങൾ സൈബർ തട്ടിപ്പുകാരിൽ എത്തുന്നത് എങ്ങനെയാണ്.

 ഡാറ്റാ ചോർച്ച വ്യാപകമാണ്. സൗജന്യ സേവന ആപ്പുകളിൽ ചിലത് പ്രവർത്തിക്കുന്നത് വിവരം ചോർത്തുകയെന്ന മുഖ്യലക്ഷ്യത്തോടെയാണ്. കൂടാതെ നമ്മൾ വ്യക്തിവിവരങ്ങൾ, ഉദാഹരണത്തിന് പുതിയ വാഹനം വാങ്ങിയതിന്റെ ഫോട്ടോ, സമൂഹമാദ്ധ്യമത്തിൽ പോസ്റ്റുചെയ്താൽ അതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാകും. സോഷ്യൽ എൻജിനിയറിംഗ് എന്നു പറയും. നഷ്ടപ്പെട്ട വിവരങ്ങൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചേക്കും. സൈബർ സുരക്ഷ പാലിക്കാൻ നമ്മളും ശ്രദ്ധിക്കണം.

......

മാവോയിസ്റ്റ് ഭീഷണി

അന്യദേശങ്ങളിൽ നിന്നെത്തി കുറ്റകൃത്യം ചെയ്ത് മുങ്ങുന്നവരുടെ എണ്ണം കൂടുകയാണെന്ന വിഷയവും പഠിക്കും. സംസ്ഥാനത്ത് സായുധ മാവോയിസ്റ്റുകൾ ഏറെക്കുറെ ഇല്ലാതായിട്ടുണ്ട്. അതേസമയം, മാവോയിസം ഒരു പ്രത്യയശാസ്ത്രമാണ്. നഗരകേന്ദ്രീകൃതമായി ആശയപ്രചാരണം നടത്തുന്നവർ ഉണ്ടായേക്കാം. പൊലീസ് ജാഗ്രത പാലിക്കും.