
പെരുമ്പാവൂർ: ഇന്നസെന്റ് ചാലക്കുടി എം.പി. ആയിരുന്നപ്പോൾ തന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നടപ്പാക്കിയ നാട്ടുവെളിച്ചം എന്ന പേരിട്ട ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ഇന്നേക്ക് 8 മാസം. കുന്നത്ത്നാടിന്റെ സാംസ്ക്കാരിക തലസ്ഥാനം, അക്ഷരഗ്രാമം എന്നിങ്ങനെ മഴുവന്നൂർ അഭിമാനിക്കുമ്പോഴാണ് മാസങ്ങളോളം നാട് ഇരുട്ടിൽ കഴിയുന്നത്.
5 ലക്ഷം രൂപ ചെലവാക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് കഴിഞ്ഞ 8മാസമായി കണ്ണടച്ചിരിക്കുന്നത്. മഴുവന്നൂർ പഞ്ചായത്തിന്റെ ഒന്നാം വാർഡിലെ പ്രധാന കവലയിലാണ് ഈ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
വെങ്ങോല, രായമംഗലം, മഴുവന്നൂർ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ സംഗമഭൂമിയാണ് മഴവന്നൂർ കവല. ഇത് ആരുടെ പരിധിക്കുള്ളിൽ വരുന്നുവെന്ന് നിശ്ചയിക്കാനാവാത്തതാണ് ലൈറ്റ് നേരെയാക്കാത്തതിന് കാരണമെന്നാണ് നാട്ടുകാർ ആദ്യം സംശയിച്ചത്. എന്നാൽ, ഇടതിന്റെ എം.പിയായിരുന്ന ഇന്നസെന്റ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കാതെ സി.പി.എമ്മിനോടുള്ള വിരോധം തീർക്കുകയാണ് മഴുവന്നൂർ ഭരിക്കുന്ന ട്വന്റി-20 ഭരണസമിതിയെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
ഹൈമാസ്റ്റ് ലൈറ്റ് കേടായപ്പോൾത്തന്നെ കമ്പനിക്കാരെ അറിയിച്ചിരുന്നു. അവർ ടെക്നീഷ്യന്മാരെ വിട്ടു ശരിയാക്കിയെങ്കിലും വീണ്ടും കേടാകു കയായിരുന്നു. എന്നാൽ അപ്പോഴേക്കും വാറന്റി പിരീഡ് കഴിഞ്ഞതിനാൽ ക്യാഷ് പ ഞ്ചായത്ത് കെട്ടിവക്കണം. മെയിന്റനൻസ് ഫണ്ട് പഞ്ചായത്തിന്റെ പ്രൊജക്ടിൽ ഉൾപ്പെടുത്തേണ്ടതുള്ളതു കൊണ്ടാണ് താമസം നേരിടുന്നത്.
അബിൻ ഗോപിനാഥ്
ഒന്നാം വാർഡ് മെമ്പർ
മഴുവന്നൂർ പഞ്ചായത്ത്.