
പെരുമ്പാവൂർ: കോളനി വിമോചന സമര പ്രചാരണത്തിന് അയ്യങ്കാളിയുടെ 161-ാമത് ജന്മവാർഷിക ദിനത്തിൽ തുടക്കം കുറിച്ചു . 'കോളനി നിവാസികൾക്ക് വേണ്ടത് പേരു മാറ്റമല്ല , തുല്യനീതിയും ഭൂമിയുമാണ്" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് കോളനി വിമോചന സമര പ്രചാരണ പരിപാടി നടത്തുക.
ഭൂരഹിതർക്ക് മൂന്ന് സെന്റും ഫ്ലാറ്റും നൽകുമ്പോൾ കൈയേറ്റക്കാർക്ക് പട്ടയമേളകൾ നടത്തി ഇഷ്ടാനുസരണം ഭൂമി പതിച്ചുനൽകുകയാണ് സർക്കാർ. പട്ടികജാതി, വർഗ സങ്കേതങ്ങളെ കോളനികളെന്ന് സംബോധന ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയ സർക്കാർ വിഭാഗങ്ങളെ കോളനികളിൽ നിന്ന് മോചിതരാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നില്ല. കോളനി നിവാസികൾക്ക് ചുരുങ്ങിയത് 50 സെന്റ് ഭൂമി എങ്കിലും ലഭ്യമാക്കുന്ന വിധം നവകേരളത്തിൽ നവ ഭൂപരിഷ്കരണ നിയമം രൂപീകരിച്ച് നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
എസ്. സി, എസ്.ടി. കോ-ഓർഡിനേഷൻ കമ്മറ്റിയുടെയും അയ്യങ്കാളി രാഷ്ടീയ- സാംസ്കാരിക പഠന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പരിപാടി ജോഷി തിട്ടയിൽ ഉദ്ഘാടനം ചെയ്തു. എംഎ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. എം.കെ.അംബേദ്കർ മുഖ്യ പ്രഭാഷണം നടത്തി. ഡോ. അംബേദ്കർ സാംസ്കാരിക വേദി പ്രസിഡന്റ് ശിവൻകദളി, സി.ഒ.മണി, സി.പി.ശശി, കെ.ഐ.കൃഷ്ണൻകുട്ടി , ശിവദാസൻ പി.ജി., രതി രാജു, പ്രദീപ് കുട്ടപ്പൻ, കെ.പി. പരമേശ്വരൻ, പി. കുട്ടപ്പൻ , ശിവൻ കോടമ്പുറം , പി.പി.ചന്തു കെ.ശശികുമാർ എന്നിവർ സംസാരിച്ചു.