അങ്കമാലി: നായത്തോട് സൗത്ത് ജംഗ്ഷനിൽ സി.ഐ.ടി.യു നേതൃത്വത്തിൽ നിർമ്മിച്ച തൊഴിലാളി വിശ്രമകേന്ദ്രം തല്ലിത്തകർത്തു. പെറ്റമ്മയെ കുത്തി കൊന്നതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കിരൺ കുഞ്ഞുമോനാണ് വിശ്രമ കേന്ദ്രം തല്ലി തകർത്തതെന്ന് സി.പി.എം ആരോപിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പ്രതിയെ നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുമ്പ് പ്രദേശത്ത് രാസമാലിന്യങ്ങളുൾപ്പെടെയിട്ട് ഭൂമി നികത്തുന്നതിന് നേതൃത്വം നൽകിയത് ഇയാളുടെ നേതൃത്വത്തിലാണ്. സ്ത്രീകളെ വഴിയിൽ തടഞ്ഞ് അസഭ്യം പറയുക, കടകളിൽ ഭക്ഷണം കഴിച്ച് പണം നൽകാതെ പോവുക ഇതെല്ലാം പതിവാക്കി മാറ്റിയിരിക്കുകയാണ് ഇയാൾ. പൊലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി.കെ. രാജൻ ആവശ്യപ്പെട്ടു.