
പറവൂർ: കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിലൂടെ എല്ലാ വീടുകളിലും വെള്ളമെത്തിച്ച് പറവൂർ നഗരസഭ. നഗരത്തിലെ 825 ഗുണഭോക്താക്കൾക്കാണ് സൗജന്യമായി ഗാർഹിക കുടിവെള്ള കണക്ഷൻ നൽകിയത്. പദ്ധതിയുടെ ഭാഗമായി 3200 മീറ്ററിലധികം പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു. വലിയകുളം മുതൽ പെരുവാരം ഹോമിയോ ആശുപത്രി വരെയും താമക്കുളം റോഡ്, വെടിമറ കവലയിൽ നിന്ന് പൂതയിൽ റോഡ് വരെയുള്ള പഴയ പൈപ്പക്കുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകിയതോടെ ഉപയോഗമില്ലാതായ 430 പൊതുടാപ്പുകളിൽ 125 എണ്ണം വിച്ഛേദിച്ചു. ബാക്കിയുള്ള 305 പൊതുടാപ്പുകളിൽ ഉപയോഗിക്കാത്തവ നീക്കം ചെയ്യും. എല്ലാ വീടുകളിലും കുടിവെള്ളം കണക്ഷൻ നൽകിയതും പൊതുടാപ്പുകളുടെ ചാർജ് വർദ്ധിപ്പിച്ചതും കാരണമാണ് ഉപയോഗിക്കാത്ത പൊതുടോപ്പുകൾ വിച്ഛേദിക്കുന്നത്. നഗരത്തിലെ പൊതുടാപ്പുകളുടെ ജലം ഉപയോഗിച്ചതിന് പറവൂർ നഗരസഭ 15 കോടിയോളം രൂപ വാട്ടർ അതോറിട്ടിക്ക് നൽക്കാനുണ്ട്. നിലവിൽ ഉപയോഗിക്കാത്ത പൊതുടാപ്പുകൾ വിച്ഛേദിക്കാൻ ഒരു ടാപ്പിന് 1,050 രൂപ നിശ്ചയിച്ചിട്ടുണ്ട്. കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ ഇതിന് ആവശ്യമായ തുക വാട്ടർ അതോറിട്ടിക്ക് കൈമാറും. ഇതിന് ശേഷം വാട്ടർ അതോറിട്ട് ടെൻഡർ ചെയ്ത് പൊതുടാപ്പുകൾ വിച്ഛേദിച്ച് തുടങ്ങും.
ഉപയോഗിക്കാത്ത ടാപ്പുകൾ കണ്ടെത്താൻ നഗരസഭ കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭ കൗൺസിലർമാർ, എൻജിനിയറിംഗ് വിഭാഗം, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി പരിശോധന നടത്തിയിരുന്നു. 55 പൊതുടാപ്പുകൾ ഒഴിച്ചുള്ളവ വിഛേദിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
ബീന ശശിധരൻ
നഗരസഭ ചെയർപേഴ്സൺ
വാട്ടർ അതോറിട്ടിക്ക് നൽകാനുള്ള തുക വർഷങ്ങളായുള്ള കുടിശിഖയാണ്. സർക്കാർ പൊതുടാപ്പുകൾക്ക് അമിതമായി ചാർജ് വർദ്ധിപ്പിച്ചു. ഇത് നഗരസഭക്ക് താങ്ങാനാവില്ല.
സജി നമ്പിയത്ത്
പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
പറവൂർ നഗരസഭ
6,500 - ഒന്നര വർഷം മുമ്പ് ഒരു പൊതുടാപ്പിന്റെ ചാർജ്ജ്
22,500 - നിലവിൽ പൊതുടാപ്പിന്റെ ചാർജ്ജ്