കൊച്ചി: 'സ്വച്ഛത ഹി സേവ" (എസ്.എച്ച്.എസ്) ആചരണത്തിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ സ്വച്ഛത ബോധവത്ക്കരണവും ശുചീകരണ യജ്ഞവും നടത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി നേതൃത്വം നൽകി. സ്കൂൾ വിദ്യാർത്ഥികൾ, എൻ.സി.സി കേഡറ്റുകൾ, ശുചീകരണ തൊഴിലാളികൾ, റെയിൽവേ, ഓയിൽ മാർക്കറ്റിംഗ് കമ്പനികളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
സുരേഷ് ഗോപി സ്വച്ഛത പ്രതിജ്ഞ ചൊല്ലി. ശുചിത്വത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രാധാന്യത്തെപ്പറ്റി അദ്ദേഹം സംസാരിച്ചു.
ബി.പി.സി.എൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ (കൊച്ചി റിഫൈനറി) എം. ശങ്കർ, റെയിൽവേ എറണാകുളം ഏരിയ മാനേജരും സ്റ്റേഷൻ ഡയറക്ടറുമായ പ്രമോദ് പി. ഷേണായി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജരും സംസ്ഥാന മേധാവിയുമായ ഗീതിക വർമ എന്നിവർ സംസാരിച്ചു. തുടർന്ന് വൃക്ഷത്തൈ വിതരണം സുരേഷ് ഗോപി നിർവഹിച്ചു.
സുരേഷ് ഗോപി വിദ്യാർത്ഥികൾക്കും വിവിധ സ്ഥാപന പ്രതിനിധികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.