wayanad

കൊച്ചി: ദുരന്തം പെയ്തിറങ്ങിയ വയനാട് ചൂരൽമലയിൽ മാവേലിമന്നന്റെ ദൂതുമായെത്തിയ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ സീനിയർ വിംഗ് ആർമി കേഡറ്റ്‌സ് നഴ്‌സറി മുതൽ നാലാംക്ലാസ് വരെയുള്ള 180കുരുന്നുകൾക്ക് ഓണപ്പുടവയും ആഘോഷനിമിഷങ്ങളും സമ്മാനിച്ചു. കോളേജിലെ മലയാള വിഭാഗം അദ്ധ്യാപികയും അസോസിയേറ്റ് എൻ.സി.സി ഓഫീസറുമായ ക്യാപ്റ്റൻ ഡോ.കെ.വി. സെലീനയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് ഉത്രാടദിനത്തിൽ ചുരം കയറിയെത്തിയത്. പുത്തൻ ഉടുപ്പുകളും കൈനിറയെ പൂക്കളുമായി എത്തിയ സംഘം കുട്ടികൾക്കൊപ്പം പൂക്കളമിട്ട്, തിരുവാതിര കളിച്ചും പാട്ട് പാടിയും പായസമുണ്ടാക്കി വിളമ്പിയും ഓണം ആഘോഷമാക്കി. ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്ക് പുറമേ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ കേഡറ്റും സംഘത്തിലുണ്ടായിരുന്നു. ചൂരൽമല, വെള്ളാർമല സ്‌കൂളുകളിലെ അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികൾക്കൊപ്പം സന്തോഷത്തിൽ പങ്കുചേർന്നു. സെന്റ് തെരേസാസ് കോളേജ് ആർമി വിഭാഗത്തിലെ 105 കേഡറ്റുകൾക്കൊപ്പം അദ്ധ്യാപകർ, വിരമിച്ച അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരും ഓണക്കോടി വാങ്ങാൻ കരുതിയ പണം ആർമി കേഡറ്റ്‌സിന്റെ വയനാട് ദൗത്യത്തിനായി സംഭാവന ചെയ്തു. 1.35ലക്ഷം രൂപ സമാഹരിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്.

വയനാട് പുൽപ്പള്ളി സ്വദേശി കൂടിയായ ഡോ.കെ.വി. സെലീനയാണ് വയനാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആശയം മുന്നോട്ടുവച്ചത്. സീനിയർ അണ്ടർ ഓഫീസർ മെറിൻ ജോയ്, ജൂനിയർ അണ്ടർ ഓഫീസർ ലീഡ് വീന, സാർജന്റ് ഉദിത, സാർജന്റ് അഞ്ജല തുടങ്ങിയ കേഡറ്റുകൾ പിന്തുണച്ചു. ഈയിടെ അന്തരിച്ച കെ.ജെ. ബേബിയുടെ 'നാട് എൻ വീട് വയനാട്' എന്ന പാട്ട് കേഡറ്റുകൾ ആലപിച്ചപ്പോൾ എല്ലാം മറന്ന് താളം പിടിച്ചും നൃത്തം ചവിട്ടിയും വയനാട്ടിലെ കുട്ടികളും ഒപ്പം കൂടി.