road

ആലുവ: അറ്റകുറ്റപ്പണി പാതിവഴിയിൽ സ്തംഭിച്ച കടുങ്ങല്ലൂർ - മുപ്പത്തടം പൊതുമരാമത്ത് റോഡിൽ പൊടി ശല്യവും യാത്രാ ദുരിതവും. പൊതുമരാമത്ത് റോഡിൽ മുപ്പത്തടം മുതുകാട് ഭാഗത്താണ് അനവസരത്തിലുള്ള റോഡ് നിർമ്മാണം ഇരട്ടി ദുരിതമായത്.

ഏഴുവർഷം മുമ്പ് വി.കെ. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് ആലുവ നഗരത്തെ എടയാർ വ്യവസായ മേഖലയുമായി ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡ് ബി.എം.ബി.സി നിലവാരത്തിൽ അവസാനമായി ടാറിംഗ് നടത്തിയത്. ഗതാഗത തിരക്ക് ഏറെയുള്ള റോഡ് മാസങ്ങളോളം പലയിടങ്ങളിലായി തകർന്ന നിലയിലായിരുന്നു. ജനങ്ങളുടെ നിരന്തരമായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മഴമാറിയതിനു പിന്നാലെ മുപ്പത്തടം മുതുകാട് ഭാഗത്ത് റോഡ് നവീകരണത്തിനായി മെറ്റലും മെറ്റൽ പൊടിയും ചേർന്ന വെറ്റ്മിക്‌സ് മിശ്രിതം നിരത്തിയെങ്കിലും പണി പാതി വഴിയിൽ നി‍ർത്തിയതാണ് വിനയായിരിക്കുന്നത്. ഇതിനുശേഷം ടാർ ഒഴിച്ച് ഉറപ്പിക്കാനുള്ള പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

ആരോഗ്യപ്രശ്നങ്ങളിലൂടെ നാട്ടുകാർ

വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽപ്പൊടി പറക്കുന്നതിനാൽ റോഡിന് സമീപമുള്ള വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ഉള്ളവർ പൊറുതിമുട്ടിയിരിക്കുകയാണ്. ആഴ്ചകളായി തുടരുന്ന പൊടിശല്യംമൂലം കുട്ടികൾക്കും വയോജനങ്ങൾക്കും ശ്വാസതടസം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്ന് വിവരമുണ്ട്. പൊടി അടിച്ചു കയറി രോഗം വരാതിരിക്കാൻ മാസ്ക് ഇടേണ്ട ഗതികേടിലാണ് വഴിയാത്രക്കാരും.

മഴയാണ് ടാറിംഗ് വൈകാൻ കാരണമെന്ന് പറയുന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തന്നെ രാവിലെയും ഉച്ചയ്ക്കും ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചു റോഡ് നനച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ കനാൽക്കവലയിലെ വേഗത നിയന്ത്രിച്ചിരുന്ന രണ്ട് ഹംപുകൾ മെറ്റലടിച്ച് മൂടിയതുമൂലം അപകട സാധ്യതയും ഏറിയിരിക്കുകയാണ്.

മുപ്പത്തടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികളും മുതുകാട് ഭഗവതി ക്ഷേത്രത്തിലേക്കു വരുന്ന വയോജനങ്ങൾ ഉൾപ്പെടെയുള്ളവരും റോഡ് മുറിച്ചു കടക്കാനാവാതെ കഷ്ടപ്പെടുകയാണ്. ഹംപുകൾ പുന:സ്ഥാപിച്ച് റോഡ് ഉടനടി ടാറിംഗ് പൂർത്തിയാക്കണം

പി.ആർ. രാജീവ്

എൻ.സി.പി നേതാവ്