വൈപ്പിൻ: വാഹനം പണയത്തിന് നൽകിയശേഷം മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിലായി. മലപ്പുറം എടവന്നപ്പാറ വെട്ടത്തൂർ എറക്കോട്ടിൽവീട്ടിൽ ജിംഷാദിനെയാണ് (21) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തത്.
സോഷ്യൽ മീഡിയ ആപ്പ് വഴി 1,50,000 രൂപയ്ക്ക് പുതുവൈപ്പ് സ്വദേശി സുനിലിന് പണയം നൽകിയ മാരുതി ബലെനോ കാറാണ് പണയം നൽകിയ ആൾ തന്നെ മോഷ്ടിക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ 13ന് കരാറും മറ്റും നൽകി വാഹനം പരാതിക്കാരന്റെ വീട്ടിൽ എത്തിച്ചിരുന്നു. അതിനുശേഷം വാഹനം സ്റ്റാർട്ടാകാതിരുന്നതിനെത്തുടർന്ന് സുനിൽ കീഹോൾ പരിശോധിച്ചപ്പോൾ അകത്ത് പേപ്പറും മറ്റും ഇരിക്കുന്നതു കണ്ടു. സംശയം തോന്നിയതിനാൽ സുനിൽ പിൻചക്രത്തിന്റെ നട്ട് ഊരിവച്ചു. അന്നു വൈകിട്ട് ആറോടെ പ്രതി രഹസ്യമായെത്തി തന്റെ കൈയിലുണ്ടായിരുന്ന കീ ഉപയോഗിച്ച് കാർ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ടയർ ഊരിപ്പോയതിനാൽ സാധിച്ചില്ല. ഈ വാഹനം പ്രതി റെന്റിനെടുത്ത് നമ്പർ പ്ലേറ്റ് മാറ്റി ആർ.സി ഓണർ എന്ന വ്യാജേനയാണ് സുനിലിന് പണയത്തിന് നൽകിയിരുന്നത്.
അന്വേഷണസംഘത്തിൽ ഞാറക്കൽ ഇൻസ്‌പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്‌പെക്ടർ ഷാഹിർ, എ.എസ്.ഐ ആന്റണി ജയ്‌സൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രീജൻ, രൂപേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.