
ആലങ്ങാട്: സ്വകാര്യ കമ്പനികളുടെ കേബിളുകൾ മൂലം ജനങ്ങൾ ദുരിതത്തിലാകുന്നു. ഇന്നലെ കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലെ കേബിളുകൾ ആംബുലൻസിൽ കുടുങ്ങി പൊട്ടിവീണതോടെ വാഹനങ്ങളിലെത്തിയ ഒട്ടേറെ രോഗികളും ജനങ്ങളും
ബുദ്ധിമുട്ടിലായി. ഒരാഴ്ച മുന്നേ വലിയ വാഹനങ്ങൾ കടന്നു പോയപ്പോൾ വെളിയത്തുനാട് മേഖലയിൽ കേബിളുകൾ പൊട്ടി വീണിരുന്നു. കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ കൂണുപോലെ മുളച്ച് പൊന്തിയിരിക്കുന്ന കണ്ടെയ്നർ യാർഡുകളിലേക്ക് എത്തുന്ന വലിയ ലോറികളിൽ തട്ടിയാണ് കേബിളുകൾ പൊട്ടിവീഴുന്നത്. പലയിടത്തും അധികം ഉയരത്തിലല്ലാതെയാണ് കേബിളുകൾ തൂങ്ങിക്കിടക്കുന്നത്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പലപ്പോഴും കുരുങ്ങി പൊട്ടിവീഴുന്നത് പതിവാണ്. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതരും പൊലീസും ശക്തമായ നടപടികളുമായി മുന്നോട്ട് വരണമെന്ന ആവശ്യം ശക്തമാണ്.
മെയിൻ റോഡുകളിലും ഇട റോഡുകളിലും വീണുകിടക്കുന്ന കേബിളുകളിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രികരും അപകടത്തിൽപ്പെടുന്നത് പതിവാണ്. റസിഡന്റ്സ് അസോസിയേഷനുകൾ പഞ്ചായത്ത് അധികൃതരോട് നേരിട്ട് പരാതികൾ അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇത് ജനദ്രോഹപരമാണ്.
എട്ടുപറയിൽ ബൈജു
അദ്ധ്യാപകൻ
കൊങ്ങോർപ്പിള്ളി