മൂവാറ്റുപുഴ: അമിത ശബ്ദത്തോടെ ഇരുചക്രവാഹനങ്ങളിൽ മൂവാറ്റുപുഴ നഗരത്തിലൂടെ പായുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് രംഗത്ത്. അപകടകരമാവുംവിധം ചീറിപ്പായുന്ന ബൈക്ക് യാത്രക്കാരെ പിടികൂടാൻ പ്രത്യേക പരിശോധന നടത്താനാണ് തീരുമാനം. സൈലൻസറിൽ കൃത്രിമം കാണിച്ച് ഉഗ്ര ശബ്ദം പുറപ്പെടുവിച്ച് നഗരത്തിലൂടെ പായുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഇത്തരത്തിലുള്ളവരെ മാസങ്ങൾക്ക് മുമ്പ് മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തിയിരുന്നു. ഇതേ തുടർന്ന് അമിത വേഗതക്കാർ നിരത്തുകളിൽ നിന്ന് പിൻവലിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇക്കൂട്ടർ റോഡുകൾ കൈയടക്കിയതിനാൽ മറ്റ് യാത്രക്കാർ പൊറുതിമുട്ടുകയാണ്. പൊതുവെ മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതകുരുക്ക് പതിവാണ്. ഇതിനിടെ അമിതവേഗത്തിലെത്തുന്ന ഇരുചക്ര വാഹനങ്ങൾ ഗതാഗതകുരുക്കിനിടയിലൂടെ നുഴഞ്ഞ് കയറിപ്പോകുന്നത് അപകടങ്ങൾ വരുത്തിവയ്ക്കുന്നു. നഗര വികസനത്തിന്റെ ഭാഗമായി റോഡിന് ഇരുവശങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.