
ചോറ്റാനിക്കര: അശരണർക്ക് താങ്ങാവണമെന്ന ദൈവവാക്യം ജീവിതചര്യയെന്നോണം നെഞ്ചോട് ചേർക്കുകയാണ് ഫാ. അനിൽ മൂക്കനോട്ടിൽ. ജീവിതവീഥിയിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങളുടെ സേവയ്ക്ക് ഏതു നിമിഷവും അച്ചൻ ഒപ്പമുണ്ട്.
ബന്ധുക്കളാലും മക്കളാലും ഉപേക്ഷിക്കപ്പെട്ട നൂറിലധികം വയോജനങ്ങളായ കിടപ്പുരോഗികൾക്കുമായി ഫാ. അനിൽ 25 സെന്റ് സ്ഥലത്ത് ബദലഹേം ജെറിയാട്രിക് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ച് അഭയമൊരുക്കുകയാണ്.
വഴിയരികിലും മെഡിക്കൽ കോളേജുകളിലും അനാഥരാക്കപ്പെട്ടവരെയും ശരീരം അഴുകിയ നിലയിൽ കഴിഞ്ഞവരെയും പുഴുവരിച്ചവരെയും ശുശ്രീഷിച്ചുവരികയാണ് മുളന്തുരുത്തിക്കാരനായ വൈദികൻ.
മൂക്കനോട്ടിൽ വർഗീസിന്റെയും ഏലിയാമ്മയ ദമ്പതികളുടെ രണ്ടാമത്തെ മകനായ അനിൽ നന്നേ ചെറുപ്പത്തിൽ വൃക്ക രോഗിയായിരുന്നു. ചെറുപ്പത്തിലെ മുതലുള്ള ആശുപത്രിവാസം കുഞ്ഞ് അനിലിന് കിടപ്പുരോഗികളിൽ അനുകമ്പയുണ്ടാക്കി. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ഹോസ്പിറ്റലിലുമെത്തി കിടപ്പ് രോഗികളെ പരിചരിക്കുവാനും ശുശ്രൂഷിക്കുവാനും മറന്നില്ല.
2003 മുതൽ നൂറിലധികം രോഗികൾക്ക് മുളന്തുരുത്തിയിലെ നന്മ കാറ്ററിംഗ് സെന്ററിൽ നിന്ന് ഭക്ഷണം എത്തിച്ചും പാവങ്ങളുടെ വിശപ്പകറ്റി. 2020 കൊവിഡ് കാലത്തുവരെയും പ്രവർത്തി മുടക്കമില്ലാതെ തുടർന്നു. അതിനിടയിൽ 2005 ൽ ശെമ്മാശ സ്ഥാനത്തേക്കും, 2010 ൽ കൊറു യോ പട്ടം, 2011 യൗ ഫദയ ഖാനോ പട്ടവും നേടി 2011 പുരോഹിതനുമായി .
115 ൽ അധികം അന്തേവാസികൾ
15 ഓളം കിടപ്പുരോഗികളുമായി പ്രവർത്തനമാരംഭിച്ച ബദ്ലഹേം ചാരിറ്റബിൾ ട്രസ്റ്റ് ഇന്ന് 115 ൽ അധികം അന്തേവാസികളുണ്ട്. 15ലധികം ജീവനക്കാരുമായി പ്രവർത്തിക്കുന്ന ട്രസ്റ്റിന് മാസം നാലുലക്ഷം രൂപ ചെലവ് വരുന്നുണ്ടെങ്കിലുംസുമനസുകളുടെ കാരുണ്യത്താൽ കഴിഞ്ഞ എട്ടുു വർഷമായി ഭംഗിയായി മുന്നേറുകയാണ്. വിശക്കുന്ന വയറുമായി വരുന്നവർക്ക് സൗജന്യ ഭക്ഷണത്തിനായി ഊട്ടുപുരയിവിടെയുണ്ട്. നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും ഭവനം ഇല്ലാത്ത കുടുംബത്തിന് വീടും നിർദ്ധനയായ പെൺകുട്ടിയെ വിവാഹ സഹായവും നൽകി വരുന്നു. നിർദ്ധന സ്ത്രീകൾക്ക് സംരക്ഷണ കവചം തീർക്കുന്ന അച്ചൻ തയ്യൽ യൂണിറ്റും നടത്തുന്നുണ്ട്.
ക്യാൻസർ, വൃക്ക രോഗികൾക്കായി ഒരു സ്ഥാപനം ഒരുക്കണമെന്നാണ് ആഗ്രഹം.
ഫാ. അനിൽ മൂക്കനോട്ടിൽ