a

സിനിമയുടെ വ്യാജ പതിപ്പുകൾ ഒരർത്ഥത്തിൽ മലയാള ചലച്ചിത്ര വ്യവസായത്തിന്റെ മാത്രം ആശങ്കയാണ്. കാരണം തമിഴ്, തെലുങ്ക്, ഹിന്ദി പ്രേക്ഷകരിൽ നിന്ന് വ്യത്യസ്തമായി, മലയാളികൾ പൊതുവേ തിയറ്റർ എക്സ്പീരിയൻസ് നിർബന്ധമില്ലാത്തവരാണ്. ഫോണിൽ കിട്ടുന്നത് കണ്ട് തൃപ്തിപ്പെടുന്നവരാണ് ഏറെയും. വ്യാജ പതിപ്പുകൾ ഇറങ്ങിയാലും സിനിമയുടെ വൈഡ് റിലീസ് കൊണ്ട് വരുമാനം നേടുന്നവരാണ് തമിഴ്, തെലുങ്ക്, ഹിന്ദി നിർമ്മാതാക്കൾ. അതേസമയം കേരളമെന്ന 'ഠാ'വട്ടത്തിൽ 100ൽ താഴെ റിലീസുകളുമായി എത്തുന്ന സാദാ മലയാള സിനിമ കൂപ്പുകുത്താൻ ചെറിയ തിരിച്ചടി തന്നെ ധാരാളം.#

'എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്നവർ" എന്നൊരു ചൊല്ലുണ്ട്. മലയാള സിനിമയുടെ സമീപകാല ഗതി ഇതാണ്. പൊതുവേ പ്രതിസന്ധി. അതിനിടെ ഈ തൊരപ്പന്മാർ ഉണ്ടാക്കുന്ന പുകിലുകളും. സിനിമകൾക്കെതിരേ റിവ്യൂ ബോംബിംഗ് നടത്തി ജീവിക്കുന്ന ഒരു വിഭാഗമാണ്. അവർ തന്നെ തൊന്തരവാണ്. അതിനേക്കാൾ ഭീഷണിയാണ് സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ. സമീപകാലത്ത് ഇറങ്ങിയ ആടുജീവിതം, ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ സിനിമകളുടെയെല്ലാം വ്യാജപതിപ്പുകൾ ഇറങ്ങി. മഞ്ഞുമ്മൽ ബോയ്സിന്റെ വ്യാജൻ റിലീസ് ദിനത്തിൽ തന്നെ ഇന്റർനെറ്റിലും ടെലിഗ്രാം ആപ്പിലുമടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. ചില സിനിമകൾ ഈ ഭീഷണികൾ അതിജീവിച്ചപ്പോൾ ചിലത് അടിതെറ്റിവീണു. ബിഗ് ബജറ്റ് 3ഡി ചിത്രമായ എ.ആർ.എം(അജയന്റെ രണ്ടാം മോഷണം) ആണ് വ്യാജ പതിപ്പ് ബോംബിംഗിന് ഇരയായ ഒടുവിലെ മലയാള ചിത്രം. എ.ആർ.എം. ചുരുങ്ങിയ ദിനം കൊണ്ട് 50 കോടി ക്ലബ്ബിലെത്തുമെന്ന് കരുതിപ്പോളാണ് വ്യാജപതിപ്പ് യഥേഷ്ടം പ്രചരിച്ചത്. ഈ സിനിമ ട്രെയിനിലിരുന്ന് മൊബൈലിൽ കാണുന്നയാളുടേയും വീട്ടിലെ ടി.വി. സ്ക്രീനിൽ കാണുന്നയാളുടേയും ദൃശ്യങ്ങൾ സഹിതമാണ് അണിയറക്കാർ പരാതി നൽകിയിരിക്കുന്നത്. കേസിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആന്റി പൈറസി നടപടികളുമായി സിനിമാക്കാരും സ്വകാര്യ ഏജൻസികളുമെല്ലാം വർഷങ്ങളായി രംഗത്തുണ്ട്. എന്നാൽ തിയറ്ററുകളിൽ നിന്ന് സിനിമ ലീക്കാകുന്നത് തടയാനാകുന്നില്ല. സിനിമയിറങ്ങും, പിന്നാലെ വ്യാജനിറങ്ങും, കേസടുക്കും... ഈ പ്രക്രിയ അന്തമില്ലാതെ ആവർത്തിക്കുകയാണ്. കേരളാ സൈബ‌ർ പൊലീസാണ് ഇക്കാര്യത്തിൽ ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്ന ഏക അന്വേഷണ ഏജൻസി.

എ.ആർ.എമ്മിന്റെ

'ഹൃദയഭേദക ദൃശ്യം'

സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന 3ഡി ചിത്രം എ.ആർ.എമ്മിന് തിയറ്ററുകളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ടൊവിനോ തോമസ് മൂന്ന് വേഷങ്ങളിലെത്തുന്ന ഗംഭീര തിയറ്റർ അനുഭവമാണെന്ന് ആദ്യ ഷോ കണ്ടവർ സാക്ഷ്യപ്പെടുത്തി. ആഗോള റിലീസിന്റെ ഫലമായി 4 ദിവസംകൊണ്ട് 35 കോടിയിലധികം രൂപ കളക്റ്റ് ചെയ്യാൻ എ.ആർ.എമ്മിനായി.എന്നാൽ വ്യാജ പതിപ്പ് ഇറങ്ങിയതോടെ ത്രിമാനവും വേണ്ട അനുഭവവും വേണ്ട എന്ന നിലയിൽ ആളുകൾ മൊബൈലിൽ കാഴ്ച തുടങ്ങി. മലയാളത്തിന് പുറമെ സിനിമയുടെ തെലുങ്ക്, തമിഴ്, ഭാഷകളുടെ വ്യാജ പകർപ്പും പുറത്തിറങ്ങി.

ഒരാൾ ടെയിനിലിരുന്ന് മൊബൈലിൽ ഈ സിനിമകാണുന്ന ദൃശ്യം സംവിധായകൻ ജിതിൻ ലാൽ തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. 'ഹൃ​ദ​യ​ഭേ​ദ​കം. വേ​റെ ഒ​ന്നും പ​റ​യാ​നി​ല്ല. ടെ​ലി​ഗ്രാം വ​ഴി എ​.ആ​ർ.​എം കാ​ണേ​ണ്ട​വ​ര്‍ കാ​ണ​ട്ടെ. അ​ല്ലാ​തെ എ​ന്ത് പ​റ​യാ​നാ"?- എന്നാണ് സം​വി​ധാ​യ​ക​ൻ കു​റി​ച്ചത്. ഇതിന് പിന്നാലെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും രംഗത്തെത്തി. ''150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ് , ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്‌ഷൻ, നൂറിലധികം വരുന്ന ടീമിന്റെ സ്വപ്നം, അദ്ധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ചയാണ് ഈ കാണേണ്ടി വരുന്നത്."" എന്ന് ലിസ്റ്റിൻ എഴുതി. തുടർന്ന് നിർമ്മാതാക്കളുടെ സംഘടന ഇടപെട്ട് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

റോക്കേഴ്സ്, ബ്ലാസ്റ്റേഴ്‌സ്

എം.ആർ.എമ്മിന്റെ വ്യാജ പതിപ്പിന് പിന്നിലും തമിഴ് റോക്കേഴ്സ് തുടങ്ങിയ ഗൂഢസംഘമാണെന്നാണ് സംശയിക്കുന്നത്. സിനിമ ചോരുന്നത് എങ്ങനെയെന്നതിൽ പല സംശയങ്ങളുമുണ്ടെങ്കിലും ആദ്യദിനം തിയറ്ററുകളിൽ നിന്നുതന്നെയാണ് ഇത് പകർത്തുന്നതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമാകുന്നത്. ശക്തമായ വേരുകളുള്ള ഒറ്റുസംഘത്തിലെ ഒരു കണ്ണി അടുത്തിടെ പൊലീസിന്റെ പിടിയിലായിരുന്നു.

തിരുവനന്തപുരത്തെ തിയേറ്ററിൽ ധനുഷ് ചിത്രം 'രായൻ" പകർത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ സ്റ്റീഫൻ രാജാണ് അറസ്റ്റിലായത്. ഒരു സിനിമ അപ്‌ലോഡ് ചെയ്യുന്നതിന് 5000 രൂപ വീതമാണ് ഇയാൾക്ക് കിട്ടിയിരുന്നതത്രേ. വിലകൂടിയ മൊബൈലും പിടിച്ചടുത്തിരുന്നു. തിയേറ്ററിലെ ഏറ്റവും പുറകിലിരുന്ന് സീറ്റിലെ കപ്പ് ഹോൾഡറിൽ മൊബൈൽ ഫോൺവെച്ചാണ് സിനിമ പകർത്തിയിരുന്നത്. തമിഴ് റോക്കേഴ്‌സ്, തമിഴ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ സൈറ്റുകൾക്കാണ് ഇയാൾ പുതിയ ചിത്രങ്ങൾ റെക്കാഡ് ചെയ്ത് അയച്ചിരുന്നത്. 'ഗുരുവായൂരമ്പലനടയിൽ' നിർമാതാവ് സുപ്രിയ മേനോന്റെ പരാതിയിൽ കാക്കനാട് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാൾ കുടുങ്ങിയത്. എന്നാൽ പല അഡ്മിനുകളും സർവറുകളുമുള്ള സംഘത്തെ അപ്പാടെ തകർക്കുക ദുഷ്കരമാണ്.

നിയമം ശക്തമാക്കി, പക്ഷേ

സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ സിനിമറ്റോഗ്രാഫ് ആക്ട് ഭേദഗതി പ്രകാരം കേന്ദ്രസർക്കാർ ശിക്ഷയും പിഴയും വർദ്ധിപ്പിച്ചിരുന്നു. മൂന്നു മാസം മുതൽ മൂന്ന് വർഷം വരെ തടവ്. മൂന്ന് ലക്ഷം രൂപവരെയോ സിനിമയുടെ ഉല്പാദനച്ചെലവിന്റെ അഞ്ച് ശതമാനം വരെയോ പിഴ എന്നിങ്ങിനെ. പൈറസി തടയാന്നുള്ള നടപടികൾ ലളിതമാക്കുകയും ചെയ്തു. വ്യാജ പതിപ്പ് ഇന്റർനെറ്റിൽ വന്നാൽ അതു നീക്കാനും നടപടി സ്വീകരിക്കാനും സിനിമാപ്രവർത്തകർ കോടതിയെ സമീപിക്കുകയായിരുന്നു പതിവ്. എന്നാല്‍ സെൻസർ ബോർഡിലെ ഉദ്യോഗസ്ഥന് ഈ ലിങ്കുകൾ നീക്കാനുള്ള അധികാരം നൽകി. എല്ലാ സംസ്ഥാനങ്ങളിലും ആക്ടിലെ ഭേദഗതി അനുസരിച്ച് നോഡൽ ഓഫീസർമാരെ നിയമിക്കുകയും ചെയ്തു.

പരാതി ലഭിച്ച് 48 മണിക്കൂറിനകം ലിങ്കുകൾ നീക്കണമെന്നാണ് നിർദ്ദേശം. അപ്പോഴേയക്കും വ്യാജ പതിപ്പ് ഒട്ടേറെ പേരിലേക്ക് എത്തിക്കഴിയുമെന്ന ന്യൂനതയുണ്ട്. മാത്രമല്ല, നിയന്ത്രണങ്ങളും നിയമങ്ങളുമൊന്നും ഫലപ്രദമാകുന്നില്ലെന്ന് തെളിയിക്കുന്നതാണ് എ.ആർ.എമ്മിന്റെ ചോർച്ച. സിനിമയുടെ ഫൈനൽ കോപ്പി കൈാറ്റത്തിലും റിലീസ് കേന്ദ്രങ്ങളിലും കുറേക്കൂടി ജാഗ്രത പാലിച്ചാൽ വ്യാജൻ ഒരു പരിധിവരെ തടയാനായേക്കും. എങ്കിലും വ്യാജ പതിപ്പുകൊണ്ട് സിനിമാക്കാർക്കുണ്ടാകുന്ന നഷ്ടം പൂർണമായി പരിഹരിക്കണമെങ്കിൽ ഒരേയൊരു പോംവഴിയേ ഉള്ളൂ. അത് എ.ആർ.എം നായകൻ ടൊവിനോ പറഞ്ഞതു തന്നെയാണ്. റിലീസ് ചിത്രങ്ങൾ തിയറ്ററിൽ തന്നെ കാണണമെന്ന് മലയാളി പ്രേക്ഷകർ തീരുമാനിക്കണം: അതാണ് ആ പോംവഴി.