കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയ്ക്ക് മുന്നിൽ ഓണദിനത്തിൽ കേടായ സ്ട്രീറ്റ് ലൈറ്റുകൾ മാറ്റുന്ന വിഷയത്തിൽ കൗൺസിലർ അഡ്വ. ബോബൻ വർഗീസ് നടത്തിയ നില്പ് സമരത്തിൽ ഉയർത്തിയ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് നഗരസഭാ അദ്ധ്യക്ഷ വിജയാ ശിവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25 കൗൺസിലർമാരും കൂട്ടായി എടുത്ത തീരുമാനത്തിനെതിരാണ് ബോബൻ വർഗീസിന്റെ സമരമെന്നും അവർ ആരോപിച്ചു. ഒരു വാർഡിൽ 32 ബൾബുകൾ മാറ്റാനാണ് ടെൻഡർ നൽകിയിരിക്കുന്നത്. 32 ബൾബുകളിൽ കൂടുതൽ കേടായിട്ടുണ്ടെങ്കിൽ അതും മാറ്റിയിടണമെന്ന ബോബൻ വർഗീസിന്റെ നിർബന്ധം കരാറുകാരൻ അംഗീകരിച്ചിരുന്നില്ല. ഒക്ടോബർ 31 നകം 5 ലക്ഷം രൂപയുടെ ടെൻ‌ഡർ കാലാവധി കഴിയും. എല്ലാ വാർഡുകളിലെയും കേടായ എല്ലാ ബൾബുകളും മാറ്റിയിടാൻ 10 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് നഗരസഭാ ഉപാദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ് അറിയിച്ചു. നഗരസഭയുടെ ഔദ്യോഗിക വിശദീകരണം ആണെന്ന് പറഞ്ഞ് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ യു.ഡി.എഫ് അംഗങ്ങളെ പങ്കെടുപ്പിച്ചില്ല.