land-aluva

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ പെരിയാർ തീരത്ത് 10 കോടി വിലമതിക്കുന്ന 40 സെന്റ് റവന്യൂ ഭൂമി സ്വകാര്യവ്യക്തി കയ്യേറിയതായി ആരോപണം. സ്വന്തം സ്ഥലത്തേക്ക് ഗതാഗത സൗകര്യമുള്ള വഴിയുണ്ടായിട്ടും ദേശീയപാതയിൽ നിന്ന് ഏളുപ്പത്തിൽ പ്രവേശിക്കുന്നതിനായി കയ്യേറ്റ ഭൂമിയിൽ വഴി വെട്ടുകയായിരുന്നു. ഇതിലൂടെ ആറ് പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി കണക്ഷനും എടുത്തു.

18-ാം വാർഡിൽ തായിക്കാട്ടുകര കെ.എസ്.ഇ.ബി ഗാരേജിനും ഐശ്വര്യ നഗറിനും ഇടയിൽ പെരിയാറിലേക്കുള്ള പഞ്ചായത്ത് റോഡിന്റെ അവസാനഭാഗത്താണ് കയ്യേറ്റം. ഗ്രാമപഞ്ചായത്ത് പാർക്ക് പണിയുന്നതിനും ഹരിത കർമ്മസേനക്ക് എം.സി.എഫ് പണിയാനും നിശ്ചയിച്ചിരുന്ന സ്ഥലമാണ് പഞ്ചായത്തിലെ ചിലരുടെ ഒത്താശയോടെ ഒരു മാസം മുമ്പ് കൈവശപ്പെടുത്തിയത്. സെന്റിന് ഏകദേശം 25 ലക്ഷം രൂപ വിലയുള്ള ഭൂമിക്ക് മൊത്തം 10 കോടിയോളം രൂപ വിലവരും.

കയ്യേറ്റ ഭൂമിയിലുണ്ടായിരുന്ന വള്ളിപ്പടർപ്പുകളും മറ്റും പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ മാർച്ച് 26ന് തീ പിടിച്ചുവെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ആലുവ അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഇതെല്ലാം കയ്യേറ്റ മാഫിയയുടെ തന്ത്രമെന്നാണ് ആക്ഷേപം.

അനുമതി നൽകിയിട്ടില്ലെന്ന് റവന്യൂവകുപ്പ്

സ്വകാര്യ വ്യക്തി കയ്യേറി വഴിവെട്ടിയ സ്ഥലം റവന്യു വകുപ്പിന്റേതാണ്. വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കാനും ആർക്കും അനുമതി നൽകിയിട്ടില്ല. കയ്യേറ്റത്തിനെതിരെ തഹസിൽദാർക്ക് രണ്ടുവട്ടം റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിർദ്ദിഷ്ട സ്ഥലത്തിലൂടെ വഴിയുണ്ടെന്ന് ആർക്കും രൂപരേഖ നൽകിയിട്ടില്ല.

അമ്പിളി

വില്ലേജ് ഓഫീസർ

ചൂർണിക്കര

ഹരിതകർമ്മ സേനക്ക് എം.സി.എഫും പാർക്കും പണിയുന്നതിനായി കണ്ടെത്തിയ റവന്യൂ ഭൂമിയിൽ അനധികൃത വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. 25ന് നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം അജൻഡയായി ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജി സന്തോഷ്

പ്രസിഡന്റ്

ചൂർണിക്കര

ഗ്രാമപഞ്ചായത്ത്


കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം. പഞ്ചായത്ത് സെക്രട്ടറി, കെ.എസ്.ഇ.ബി എന്നിവിടങ്ങളിലെല്ലാം പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്തിലെ ചിലരുടെ ഒത്താശയോടെയാണ് കയ്യേറ്റമെന്ന് സംശയമുണ്ട്.

റൂബി ജിജി

മെമ്പർ വാർഡ്

നിർദ്ദിഷ്ട സ്ഥലത്ത് കൂടെ വഴിയുണ്ടെന്ന് കാട്ടി അപേക്ഷകൻ രൂപരേഖ നൽകിയതിനാലാണ് പോസ്റ്റുകൾ സ്ഥാപിച്ചത്. ഇതിനെതിരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. ആദ്യം പോസ്റ്റ് സ്ഥാപിക്കാനെത്തിയപ്പോൾ തടഞ്ഞെങ്കിലും പിന്നീട് പരാതിയുണ്ടായില്ല. പരാതി നൽകിയാൽ നടപടി പുനഃപരിശോധിക്കും.

ഷാജഹാൻ

എ.ഇ കെ.എസ്.ഇ.ബി

നോർത്ത് സെക്ഷൻ

ആലുവ