
കൊച്ചി: സമരത്തിലൂടെ വേതനം ചോദിച്ച് വാങ്ങിയിട്ടും പാചകത്തൊഴിലാളികളുടെ ദുരിതമൊഴിയുന്നില്ല. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ നൽകിയ വേതനങ്ങളിൽ നിന്ന് കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന് കാരണത്താൽ 1000 രൂപ വെട്ടിക്കുറച്ചു. ഒപ്പം വേതനം കിട്ടാത്ത പാചകത്തൊഴിലാളികളുമുണ്ട്. ഓണക്കാലത്ത് ലഭിക്കേണ്ട 1,300 രൂപയുടെ ഉത്സവബത്തയും നൽകിയില്ല. സംസ്ഥാനത്തെ 13,453 പാചകത്തൊഴിലാളികൾക്കാണ് ഈ ദുര്യോഗം.
600 മുതൽ 675 രൂപവരെയാണ് ദിവസ വേതനം. 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നതാണ് കണക്ക്. ജോലിഭാരം മൂലം, 250ലേറെ കുട്ടികളുള്ള ഇടങ്ങളിൽ തൊഴിലാളികൾ സഹായിയെ വച്ച് വേതനത്തിന്റെ ഒരു വിഹിതം നൽകുന്നു. ഇത്തരത്തിൽ 6,000ലേറെ അനൗദ്യോഗിക പാചകത്തൊഴിലാളികളും സംസ്ഥാനത്തുണ്ട്.
150 കുട്ടികൾക്ക് മുകളിൽ വന്നാൽ ഒരു കുട്ടിക്ക് 25 രൂപ എന്ന തോതിൽ നൽകണമെന്ന മാനദണ്ഡവും പാലിക്കപ്പെടുന്നില്ലെന്നാണ് പാചകത്തൊഴിലാളി സംഘടനകളുടെ പരാതി.
കേന്ദ്ര വിഹിതവും
സംസ്ഥാനം വെട്ടി
കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന പേരിൽ മാസവേതനത്തിൽ നിന്നാണ് 1,000 രൂപ വെട്ടിക്കുറച്ചത്. പാചത്തൊഴിലാളി വേതനത്തിൽ കേന്ദ്രവിഹിതം മാസം 600 രൂപയാണ്. 400രൂപ അധികമായി വെട്ടിക്കുറച്ചു.
അതേസമയം, 600രൂപ കേന്ദ്ര വിഹിതം അനുവദിച്ചിട്ടും സംസ്ഥാനം വിതരണം ചെയ്യുന്നില്ലെന്ന് ആരോപണമുണ്ട്. കേന്ദ്ര ഫണ്ടിന്റെ പേരു പറഞ്ഞ് മൂന്ന് വർഷമായി വേതനവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ വെട്ടിക്കുറയ്ക്കുകയാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
പാചകത്തൊഴിലാളി ദിവസ വേതനം- 600-675
കേന്ദ്ര വിഹിതം- 600 (പ്രതിമാസം)
സംസ്ഥാനത്തെ പാചകത്തൊഴിലാളികൾ - 13,453
ഒരു കുട്ടിക്ക് 25 പൈസ വീതം- സർക്കാർ മാനദണ്ഡം
(150ന് മുകളിൽ കുട്ടികൾക്ക് പാചകം ചെയ്യാൻ)
150 മുകളിൽ എത്ര കുട്ടികളുണ്ടെങ്കുലും സർക്കാർ നൽകുന്നത്- പ്രതിമാസം 75 രൂപ
വെട്ടിക്കുറച്ച തുക അടിയന്തരമായി നൽകണം. ഉത്സവബത്ത ഇനിയും വൈകരുത്.
പി.ജി. മോഹനൻ
സംസ്ഥാന ജനറൽ സെക്രട്ടറി
സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)