kothamangalam

കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയപള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് നേർച്ച കഞ്ഞി വിതരണം ചെയ്യാനുള്ള പന്തലിന്റെ കാൽ നാട്ടുകർമ്മം വികാരി ഫാ. ജോസ് പരത്തുവയലിൽ നിർവഹിച്ചു. പ്രധാന പെരുന്നാൾ തലേ ദിവസമായ ഒക്ടോബർ 2 ന് രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ പള്ളിയിൽ വരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്നതിനായി പടുകൂറ്റൻ പന്തലാണ് നിർമ്മിക്കുന്നത്. മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കൽ ധൂപപ്രാർത്ഥനയ്ക്ക് ശേഷം ഘോഷയാത്രയോടെയാണ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച കാൽ മൈതാനത്തേക്ക് കൊണ്ടു പോയത്. ആന്റണി ജോൺ എം.എൽ.എ, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്, കൺവീനർ കെ.എ. നൗഷാദ്, ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, ട്രസ്റ്റിമാരായ ബേബി, ഏലിയാസ്, സലിം ചെറിയാൻ, ബേബി, എബി, ബിനോയി, ഡോ. റോയി തുടങ്ങിയവർ സംബന്ധിച്ചു.