y

ചോറ്റാനിക്കര: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയവർക്ക് പിഴ ചുമത്തി നോട്ടീസ് അയച്ചതായി പരാതി. അഞ്ചാം വാർഡിൽ മേച്ചേരിക്കുന്ന്-തുപ്പംപടി റോഡിലെ മാലിന്യശുചീകരണ പ്രവർത്തനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കാണ് 5000 രൂപ പിഴ ചുമത്തി പഞ്ചായത്ത് നോ‌ട്ടീസ് അയച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് ഭരണസമിതിയുടെ നടപടിക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ.

മേച്ചേരിക്കുന്ന്-തുപ്പംപടി റോഡിന് ഇരുവശവും കാലങ്ങളായി സാമൂഹികവിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ദുർഗന്ധം വമിക്കുകയും ആളുകൾക്ക് രോഗഭീതി വരികയും ചെയ്ത സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ കാരിക്കോട് ഈസ്റ്റ് യൂണിറ്റിലെ പ്രവർത്തകർ മാലിന്യങ്ങൾ നീക്കം ചെയ്തത്. പലയിടത്തായി കിടന്ന മാലിന്യം ഒരു സ്ഥലത്ത് കൂട്ടിവച്ചു. യൂണിറ്റിലെ പ്രവർത്തകർക്ക് സംസ്കരിക്കാൻ കഴിയാത്ത അളവിൽ മാലിന്യം ഉണ്ടായതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജിയോ ടാഗിംഗ് സേവനം വഴി ടാഗ് ചെയ്ത് പോർട്ടലിൽ ഡി.വൈ.എഫ്.ഐ പരാതി സമർപ്പിക്കുകയുമായിരുന്നു. എന്നാൽ, ഇങ്ങനെ കൂട്ടി വച്ചത് യുവാക്കൾ നിക്ഷേപിച്ച മാലിന്യമാണെന്ന് ആരോപിച്ചാണ് പിഴ ചുമത്തി നോട്ടീസ് അയച്ചത്.നോട്ടീസ് അയച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മാലിന്യം നിക്ഷേപിച്ച യഥാർത്ഥ കുറ്റക്കാരെ കണ്ടെത്താനോ ഇത്തരം പ്രദേശങ്ങൾ മാലിന്യ മുക്തമാക്കാനോ യാതൊരു നടപടികളും സ്വീകരിക്കാതെ സേവനപ്രവർത്തനത്തിൽ ഏർപ്പെട്ട ചെറുപ്പക്കാരെ കുറ്റക്കാരാക്കുന്നതിലൂടെ തെറ്റായ മാതൃകയാണ് യുഡിഎഫ് ഭരണസമിതി ജനങ്ങൾക്ക് നൽകുന്നതെന്ന് ഡി.വൈ.എഫ് ഐ ആരോപിച്ചു. പഞ്ചായത്തിന്റെ നടപടിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. പ്രതിഷേധ മാർച്ച് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് എം.എസ് ഹരികൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് നിജിൻ എൻ.പി, അരുൺ പോട്ടയിൽ, വി. പി. മണി, തോമസ് പേക്കേൽ, ജോയൽ കെ.ജോയ് എന്നിവർ സംസാരിച്ചു.

പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച വ്യക്തിയെ കൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്തിരുന്നു. റോഡിന് ഇരുവശവും പുല്ലു വളർന്ന നിൽക്കുന്നത് ഒഴിച്ചാൽ മറ്റു മാലിന്യങ്ങൾ ഉണ്ടായിരുന്നില്ല

മഞ്ജു

അഞ്ചാം വാർഡ് മെമ്പർ

മുളന്തുരുത്തി പഞ്ചായത്ത്