road

ആലുവ: ജലജീവൻ പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് സഞ്ചാരയോഗ്യമല്ലാതായ പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം മുതൽ കുട്ടമശേരി സ്‌കൂൾ വരെ ബി.എം ബി.സി ടാറിംഗ് ബുധനാഴ്ച ആരംഭിക്കും. ഇതുസംബന്ധിച്ച് പൊതുമാരമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. അതേസമയം, കുട്ടമശേരി മുതൽ ചാലക്കൽ പകലോമറ്റം വരെ പൈപ്പുകൾ സ്ഥാപിച്ചതിനെ തുടർന്നുള്ള റെസ്റ്റോറേഷൻ ജോലികൾ വാട്ടർ അതോറിട്ടി പൂർത്തിയാക്കാനുണ്ട്. ഇത് ഉടൻ പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പു നൽകിയതായും എം.എൽ.എ പറഞ്ഞു. പകലോമറ്റം ഭാഗത്ത് റോഡിന് നടുവിലൂടെ പോകുന്ന പഴയ പൈപ്പുകൾ വശത്തേക്ക് മാറ്റുന്ന ജോലികളും അവസാനഘട്ടത്തിലാണ്. ബി.എം ബി.സി ഉപയോഗിച്ചുള്ള ടാറിംഗിന്റെ ഭാഗമായി താഴ്ന്ന സ്ഥലങ്ങൾ ഡബ്ല്യു.എം.എം ഉപയോഗിച്ച് ബലപ്പെടുത്തി ഉയർത്തും. മഴ പെയ്താൽ മാത്രമെ നിർമ്മാണ പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകുവെന്നും എം.എൽ.എ പറഞ്ഞു.