കാലടി: സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ തിരുവൈരാണിക്കുളം തിരുവാതിര അക്കാഡമിയുടെ സഹകരണത്തോടെ വെണ്മണി കവികളുടെ ജന്മദേശമായ വെള്ളാരപ്പിള്ളിയിൽ വെണ്മണി സാഹിത്യോത്സവം സെപ്തംബർ 22 ഞായറാഴ്ച തിരുവൈരാണിക്കുളം ദശപുഷ്പം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബാലചന്ദ്രൻ വടക്കേടത്ത് അദ്ധ്യക്ഷനാകും. ഡോ.എസ്.കെ. വസന്തൻ, ഡോ. ദേശമംഗലം രാമകൃഷ്ണൻ, ഡോ. കെ.വി. ദിലീപ് കുമാർ എന്നിവർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന കവി സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷനാകും. ശ്രീമൂലനഗരം മോഹനൻ, എ.എൻ. മോഹനൻ, പി. നാരായണൻ, പി.കെ. വേണഗോപാൽ, പി.യു. അമീർ എന്നിവർ പങ്കെടുക്കും.