കോലഞ്ചേരി: ലക്ഷത്തിൽ ഒരാളിൽ മാത്രം കാണുന്നതും ഡെങ്കിപ്പനിയുടെ സങ്കീർണ്ണ വകഭേദവുമായ എച്ച്.എൽ.എച്ച് സിൻഡ്രോം എന്ന അപൂർവ രോഗം കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിയ രോഗിയിൽ കണ്ടെത്തി. അന്യസംസ്ഥാനത്ത് നഴ്സിംഗ് പഠനം നടത്തുന്ന ഇരുപതുകാരി പനിയും പേശീ വേദനയുമായാണ് ആശുപത്രിയിലെത്തിയത്. ഒരാഴ്ച കഴിഞ്ഞും പനി കഠിനമായി തുടർന്നതോടെ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞതെന്ന് ജനറൽ മെഡിസിൻ വിഭാഗം തലവൻ ഡോ. എം. എബ്രാഹം ഇട്ടിയച്ചൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഠിനമായ നീർക്കെട്ട് ബാധിച്ച് അവയവങ്ങൾ തകരാറിലാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് രോഗം. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കാനായതോടെ അസുഖം പൂർണ്ണമായി ദേദപ്പെടുത്താനായി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിലെ കുട്ടിയാണ്. ഭാരിച്ച ചെലവുള്ള ചികിത്സയാണിത്. ആവശ്യമെങ്കിൽ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള സൗകര്യവും ചികത്സയ്ക്ക് വേണ്ട ഇമ്മ്യൂണോ ഗ്ളോബുലിൻ എന്ന മരുന്നും ആരോഗ്യ മന്ത്രിയുടെ ഇടപെടലിൽ തയ്യാറാക്കിയിരുന്നു. എന്നാൽ അതിനു മുമ്പ് തന്നെ രോഗി അപകടനില തരണം ചെയ്തു.

ഡോക്ടർമാരായ ശില്പ പോൾ, എൽദോസ് സ്കറിയ, മിന്റു ജോൺ, അഞ്ജു സജീവ്, സന്ദീപ് അലക്സ്, ജാസ്മിൻ ജവഹർ, എസ്. സുനീഷ്, ബിനു മേരി ബോസ് എന്നിവരടങ്ങുന്ന ടീമാണ് ചികിത്സയിൽ പ്രധാന പങ്ക് വഹിച്ചത്.