കൊച്ചി: പരിരക്ഷാ കാലയളവിൽ വെള്ളത്തിൽ വീണ് തകരാറിലായ ഫോണിന് ഇൻഷ്വറൻസ് തുക നിരസിക്കുന്നത് വാറന്റി നിഷേധിക്കുന്നതിന് തുല്യമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി.
ഫോണിന്റെ വിലയും ഇൻഷ്വറൻസ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും സഹിതം 78,900 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർകക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി.
ഫോർട്ട്കൊച്ചി സ്വദേശി സന്തോഷ് കുമാർ, മൊബൈൽ നിർമ്മാതാക്കൾക്കും വിതരണ സ്ഥാപനത്തിനുമെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
77,230 രൂപ നൽകി പരാതിക്കാരൻ വാങ്ങിയ ഫോൺ വാട്ടർ റെസിസ്റ്റന്റ് ആണെന്നായിരുന്നു വില്പനക്കാരുടെ അവകാശവാദമെങ്കിലും വെള്ളത്തിൽ വീണ് കേടായി. റിപ്പയർ ചെയ്തു നൽകാനോ ഇൻഷ്വറൻസ് തുക തിരിച്ചുകിട്ടാനോ വില്പനക്കാർ സഹകരിച്ചില്ല. ഇത് വഞ്ചനയാണെന്നു കാണിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
തുക നിരസിച്ചത് പരിരക്ഷയുടെ കാലയളവിൽ തന്നെയാണെന്ന് ഉപഭോക്തൃ കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇത് സേവനത്തിലെ ന്യൂനതയായതിനാൽ നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത എതിർകക്ഷികൾക്കുണ്ടെന്നും ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.