
പറവൂർ: സി.പി.എം നേതാവും പറവൂർ നഗരസഭാ മുൻ ചെയർമാനുമായിരുന്ന അഡ്വ. എൻ.എ. അലിക്ക് പറവൂർ വിടച്ചൊല്ലി. ചൊവ്വാഴ്ച വൈകിട്ട് അന്തരിച്ച അലിയുടെ മൃതദേഹം ഇന്നലെ രാവിലെ പതിനൊന്ന് വരെ പറവൂരിലെ വീട്ടിലും പിന്നീട് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ്, മുനിസിപ്പൽ ടൗൺഹാൾ, പറവൂർ ബാർ അസോസിയേഷൻ എന്നിവടങ്ങളിലും പൊതുദർശനത്തിന് വച്ചശേഷം രണ്ട് മണിയോടെ വള്ളുവളളിയിലെ തറവാട്ടുവീട്ടിൽ എത്തിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരങ്ങളെത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ബെന്നി ബെഹനാൻ എം.പി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എസ്. ശർമ്മ, സി.എം. ദിനേശ്‌മണി, ബീന ശശിധരൻ, എം.ജെ. രാജു തുടങ്ങി രാഷ്ട്രീയ നേതാക്കളും സാംസ്കാരിക, സമുദായ സംഘടനാ നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. അഡ്വ. എൻ.എ. അലിയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പറവൂർ നഗരത്തിൽ മൗനജാഥയും അനുശോചനയോഗവും ചേർന്നു. അനുശോചന യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് അദ്ധ്യക്ഷനായി. സി.എൻ. മോഹനൻ, കെ.എം .ദിനകരൻ, എസ്. ശർമ, ബീന ശശിധരൻ, എം.ജെ. രാജു, പി. രാജു, എൻ.ഐ. പൗലോസ്, എം.കെ. ബാബു, എം.ആർ. ശോഭനൻ, ഡെന്നി തോമസ്, മുഹമ്മദ് ആലു, പി.ആർ. രഘു, ടി.വി. നിഥിൻ, പി.പി. അജിത്ത് കുമാർ, ടി.പി. രമേഷ്, കെ.ജെ. ഷൈൻ എന്നിവർ സംസാരിച്ചു.