
അടിമാലി: മാങ്കുളം കൈനഗിരിയിൽ വിവാഹചിത്രങ്ങൾ പകർത്താനെത്തിയ ഫോട്ടോഗ്രാഫറെയും രണ്ട് സുഹൃത്തുക്കളെയും സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ സ്വദേശി ജെറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും മൂക്കിനും പരിക്കേറ്റ ജെറിൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാർ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ചയായിരുന്നു സംഭവം. ഒരു വിവാഹചടങ്ങിന്റെ ചിത്രങ്ങൾ പകർത്താനായിരുന്നു ജെറിനും സുഹൃത്തുക്കളും മാങ്കുളത്തെത്തിയത്. രാവിലെ വിവാഹ ചിത്രങ്ങൾ പകർത്തേണ്ടതിനാൽ ഞായറാഴ്ച രാത്രിയിൽ തന്നെ ജെറിനും സുഹൃത്തുക്കളും മാങ്കുളത്ത് എത്തി. ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു ജെറിനും സുഹൃത്തുക്കൾക്കും താമസ സൗകര്യമൊരുക്കിയിരുന്നത്. ഇതേ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ പ്രതികളും താമസിച്ചത് ഇവിടെ തന്നെ. താമസിക്കാനുള്ള മുറിയുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ രാത്രിയിൽ ചില തർക്കങ്ങൾ ഉണ്ടായി. ഇതിന്റെ തുടർച്ചയെന്നോണം വിവാഹചിത്രങ്ങൾ പകർത്തി ജെറിനും സംഘവും മടങ്ങവെ പ്രതികൾ വാഹനത്തിൽ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.
കല്ലാർ മാങ്കുളം റോഡിൽ കൈനഗിരി ഗോമതിക്കടക്ക് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. ജെറിനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടർന്നെത്തിയ അക്രമികൾ വാഹനം റോഡിന് നടുവിലിട്ട് തടഞ്ഞു. പിന്നീട് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ജെറിനെ ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ജെറിന്റെ സുഹൃത്തുക്കൾ പകർത്തിയ അക്രമത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.