
നെടുമ്പാശേരി: ചെങ്ങമനാട് ഗവ. ഹൈസ്കൂളിലെ ക്ലാസ് മുറികളും സ്റ്റാഫ് റൂമുകളും കേടുവരുത്തി ഇലക്ട്രിക് വയറുകൾ തകർത്ത് ചെമ്പ് കമ്പികൾ മോഷ്ടിച്ചു. വൈദ്യുത കേബിളുകളിലെ ചെമ്പ് കമ്പികൾ മോഷ്ടിക്കുന്ന സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇന്നലെ രാവിലെ ഓഫീസ് തുറക്കാൻ പ്യൂൺ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നാല് ക്ലാസ് മുറികളിലും ഹെഡ്മാസ്റ്ററുടെയും ജീവനക്കാരുടെയും മുറികളും കുത്തിപ്പൊളിച്ച് അകത്ത് കയറിയാണ് മോഷ്ടാക്കാൽ വ്യാപക നാശം വരുത്തിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം സ്വിച്ച് ബോർഡുകൾ തകർത്ത് വയറുകൾ വലിച്ചെടുത്ത് അതിലെ ചെമ്പ് കമ്പികൾ മുറിച്ചെടുക്കുകയായിരുന്നു. മുറികളിലെ സീലിംഗ് ഫാനുകളുടെ അടിഭാഗവും അഴിച്ചെടുത്ത നിലയിലാണ്. ഫാൻ മോട്ടറുകളുടെ ചെമ്പ് കമ്പികളും എടുത്തിട്ടുണ്ട്. ക്ലാസ് മുറികളിലെ പ്രൊജക്ടുകളും തകരാറിലാക്കി. സ്കൂളിൽ കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് സ്ഥാപിച്ച 10000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ പ്യൂരിഫറിന്റെ മോട്ടോറും തകർത്തു. സ്റ്റാഫ് റൂമിലെ അലമാര തകർത്ത് വിലപ്പെട്ട രേഖകളും, വസ്തുക്കളും വാരിവിതറിയ നിലയിലാണ്.
നിരവധി തവണ മോഷണം
കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ നിരവധി തവണ മോഷണവും സ്കൂളിന് നേരെ ആക്രമണവും ഉണ്ടായിട്ടുണ്ടെന്നാണ് സ്കൂൾ അധികൃതരുടെ പരാതി. ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പരാതിയെത്തുടർന്ന് ചെങ്ങമനാട് സി.ഐ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ദ്ധരും സ്കൂളിലെത്തി പരിശോധന നടത്തി.