കൊച്ചി: മാർപാപ്പയുടെ നിർദ്ദേശങ്ങൾ ലംഘിച്ച് എറണാകുളം - അങ്കമാലി അതിരൂപതയിലെ 8 വൈദികാർത്ഥികൾക്കു പട്ടം നൽകാനുള്ള ഗൂഢാലോചന നടക്കുന്നതായി സംയുക്ത സഭാ സംരക്ഷണ സമിതി ഭാരവാഹികൾ. ഏകീകൃത കുർബാന മാത്രമേ അർപ്പിക്കൂവെന്ന് എഴുതി നൽകുന്നവർക്കുമാത്രം വൈദീകപട്ടം നൽകിയാൽ മതിയെന്ന ഉത്തരവിനെ അട്ടിമറിക്കാനാണ് ശ്രമം. സഭാവിരുദ്ധ സംഘടന നേതാക്കളുമായി എറണാകുളം അരമനയിൽ ഇന്നലെ ഇതുസംബന്ധിച്ച് കൂടിയാലോചനകൾ നടന്നതായും ഇവർ ആരോപിച്ചു. വിവരമറിഞ്ഞ് സമിതി ഭാരവാഹികളായ സക്കറിയ കട്ടിക്കാരൻ, വിത്സൻ വടക്കുഞ്ചേരി, ജിമ്മി പുത്തരിക്കൽ, ജോൺസൺ കോനിക്കര തുടങ്ങിയവർ അരമനയിലെത്തി ചർച്ചയ്ക്കു നേതൃത്വം വഹിച്ച സിനഡ് സെക്രട്ടറി മാർ ജോസഫ് പാംപ്ലാനി, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

പള്ളികളിലെ സാഹചര്യം അനുകൂലമല്ലെങ്കിൽ അതിരൂപതാ അധ്യക്ഷന്റെ അനുവാദത്തോടെ പുതിയ വൈദികരെ ജനാഭിമുഖ കുർബാനക്കു അനുവദിക്കാമെന്ന സമവായം ചർച്ചയിലുണ്ടായതായി മെത്രാന്മാരും അറിയിച്ചെന്ന് ഇവർ പറഞ്ഞു. സിനഡ് തീരുമാനപ്രകാരം ഏകീകൃത കുർബാനയ്ക്കായി രംഗത്തിറങ്ങിയവരെ വഞ്ചിക്കുന്ന ഇത്തരം ചർച്ചകളിൽ നിന്നും സഭാ നേതൃത്വം പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടു.