plywood

മൂവാറ്റുപുഴ: പായിപ്ര, മാനാറി പ്രദേശങ്ങളിലെ പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. പ്രദേശ വാസികളുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുവാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായി. ജില്ലയിലെ ഏറ്റവും വിസ്തൃതവും കൂടുതൽ ജനസംഖ്യയുമുളള പായിപ്ര ഗ്രാമ പഞ്ചായത്തിൽ ദുരിതം വിതയ്ക്കുന്ന പ്ലൈവുഡ് കമ്പനികൾക്കെതിരെ മറ്റ് വഴികളില്ലാതെയാണ് നാട്ടുകാ‌ർ പ്രതിഷേധം ശക്തമാക്കുന്നത്. നിരവധി ജനകീയ സമരങ്ങൾ നടന്നെങ്കിലും അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ നിരവധി പ്ലൈവുഡ് കമ്പനികൾക്കാണ് പഞ്ചായത്ത് അധികൃതർ അനുമതി നൽകിയത്.

ജില്ല കലക്ടർ, മുഖ്യമന്ത്രി, വ്യവസായമന്ത്രി, തദ്ദേശ വകുപ്പ് മന്ത്രി , പായിപ്ര ഗ്രാമ പഞ്ചായത്ത് അടക്കമുളളവർക്ക് ആദ്യഘട്ടത്തിൽ പരാതി നൽകും. തുടർന്ന് ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് നിജസ്ഥിതി മനസിലാക്കുവാൻ ആവശ്യപ്പെടും. നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കമ്പനികൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക - സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ആവശ്യപ്പെടും.

അധിക ഭാരം കയറ്റി വരുന്ന ടോറസ് അടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കണം. നിയമപരമായ ഭാരം മാത്രം കയറ്റിയ വാഹനങ്ങൾ മാത്രമെ റോഡിലൂടെ സഞ്ചരിക്കാവൂ എന്ന ബോർഡ് പഞ്ചായത്ത് വയ്ക്കുന്നതിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുമെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

മേഖലയുടെ സ്വാഭാവിക, പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും ജൈവ ജീവിതത്തേയും ആവാസവ്യവസ്ഥയേയും തകർത്തുകഴിഞ്ഞ സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയല്ലാതെ ജനങ്ങൾക്ക് മറ്റു വഴികളില്ല. ബന്ധപ്പെട്ടവർക്ക് പരാതി നൽകിയശേഷം ജനകീയ കൺവെൻഷൻ ചേരും. ഒപ്പും പഞ്ചായത്തിലേക്ക് ഉപരോധ മാർച്ച് നടത്തും. പ്രശ്‌നം ശാശ്വതമായി പരിഹരിക്കും വരെ പഞ്ചായത്തിന് മുന്നിൽ നിരാഹാര സത്യാഗ്രഹം ആരംഭിക്കും.

എം.എ. റിയാസ്ഖാൻ

കൺവീനർ

ആക്ഷൻ കൗൺസിൽ

പായിപ്ര, മാനാറി പ്രദേശത്ത് പ്രവർത്തിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത പ്ലൈവുഡ് കമ്പനികൾകുടിവെള്ളം, വായു, മണ്ണ് ഇവയെല്ലാം മലിമസമായിക്കഴിഞ്ഞു തോടും ചിറകളും ജലസ്രോതസുകളുമെല്ലാം വിഷമയമായി പ്രദേശവാസികളുടെ ഭാവി ജീവിതം ആശങ്കയിൽവരും തലമുറയുടെ ജീവിതം അനിശ്ചിതാവസ്ഥയിലായേക്കും

നിലവിലെ കമ്പനികളും നിർമ്മാണ അനുമതി വാങ്ങിയ കമ്പനികളും ഭൂരിഭാഗവുമുള്ളത് 1, 2, 13, 17 വാർഡുകളിൽ.

വാർഡ് 1ൽ 100ലേറെ കമ്പനികൾ