
കൊച്ചി: സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്‌ലറ്റിക് മീറ്റ് 23, 24 തീയതികളിലായി പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 23ന് വൈകിട്ട് മൂന്നിന് ഹൈബി ഈഡൻ എം.പി അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ ആറുമണി മുതൽ മത്സരങ്ങൾക്ക് തുടക്കമാകും. ക്ലസ്റ്റർ 11ന് കീഴിൽ വരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴുജില്ലകളിൽ നിന്നുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. 125 സ്കൂളുകളിൽ നിന്നായി 2000 വിദ്യാർത്ഥികളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അണ്ടർ 14, 17, 19 എന്നീ വിഭാഗങ്ങളിലായി 66 ഇനങ്ങളിലാണ് മത്സരം നടക്കുക. ഇത് രണ്ടാം തവണയാണ് പൂത്തോട്ട സ്കൂൾ അത്‌ലറ്റിക് മീറ്റിന് വേദിയാകുന്നത്. എസ്.എൻ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, എസ്.എൻ. എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, സ്കൂൾ പ്രിൻസിപ്പൽ വി.പി. പ്രതീത, പഞ്ചായത്തംഗം എ.എസ്. കുസുമം, എം.പി. ഷൈമോൻ, എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ വൈസ് പ്രസിഡന്റ് പി.ആർ. അനില, സെക്രട്ടറി കെ.കെ. അരുൺകാന്ത്, യൂണിയൻ കമ്മിറ്റി അംഗം അഭിലാഷ് കൊല്ലംപറമ്പിൽ, പി.ടി.എ പ്രസിഡന്റ് പി.സി. ബിനു, അക്കാഡമിക് കോ-ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ, സ്കൂൾ ഹെഡ് ബോയ് പി.സി. പ്രണവ് എന്നിവർ സംസാരിക്കും. 24ന് നടക്കുന്ന സമാപന സമ്മേളനം സി.ബി.എസ്.ഇ സ്‌കൂൾ കോഓർഡിനേറ്ററും പെരുമ്പാവൂർ പ്രഗതി അക്കാഡമി സ്‌കൂൾ പ്രിൻസിപ്പലുമായ സുചിത്ര ഷൈജിന്ത് ഉദ്ഘാടനം ചെയ്യും.
മികച്ച വേദി
കഴിഞ്ഞ വർഷം നടന്ന അത്‌ലറ്റിക് മീറ്റിൽ മികച്ച സംഘാടനമാണ് പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ ഒരുക്കിയത്. ഇത്തവണയും മികച്ച രീതിയിൽ ഗ്രൗണ്ട് സജ്ജമാക്കിയിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂഷന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കായികാദ്ധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്.
ഒരുമാസത്തോളം നീണ്ടു നിന്ന പ്രയത്‌നത്തിനു ശേഷമാണ് 5 ഏക്കറിലധികമുള്ള ഗ്രൗണ്ട് സജ്ജമാക്കി. സ്‌കൂൾ പ്രിൻസിപ്പൽ വി.പി. പ്രതീതയുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ.
ക്ലസ്റ്റർ 11 ലെ ജില്ലകൾ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
125 സ്കൂളുകളിൽ നിന്നായി 2000 വിദ്യാർത്ഥികൾ
അണ്ടർ 14, 17, 19 എന്നീ വിഭാഗങ്ങളിലായി
66 ഇനങ്ങളിൽ മത്സരം